ന്യൂഡൽഹി: മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി ഖത്തറിലെ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ ദമ്പതികളെ മോചിപ്പിച്ചു. മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിക് ഖുറേഷിയെയും ഭാര്യ ഒനിബ കൗസറിനെയുമാണ് മോചിപ്പിച്ചത്.
ദമ്പതികൾ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. 2019 ജൂലൈ ആറിനാണ് ഇരുവരും ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലാകുന്നത്. മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തിയ ഇവരുടെ ബാഗിൽ നിന്നും 4.1 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്. ഇരുവർക്കും 10 വർഷം തടവും 3000000 ഖത്തർ റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്.
തുടർന്ന് നിബ കൗസറിന്‍റെ അച്ഛൻ ഇവരെ മധുവിധുവിന് ഖത്തറിലേക്ക് അയച്ച മുഹമ്മദ് ഷാരിക് ഖുറേഷിയുടെ ബന്ധുക്കൾക്കെതിരെ പരാതി നൽകി. മകനും മരുമകളും നിരപരാധികളാണെന്നും മധുവിധു ഒരുക്കിയവർ മക്കളുടെ അറിവില്ലാതെ ബാഗിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു എന്നായിരുന്നു പരാതി.
മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയ്ക്ക്(എൻസിബി)ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധുവിധുവിനുള്ള സൗകര്യം ഏർപ്പെടുത്തിയ മുഹമ്മദ് ഷാരിക് ഖുറേഷിയുടെ അമ്മായി തബ്ബുസം റിയാസ് ഖുറേഷിക്കെതിരെ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇന്ത്യയിൽ നടന്ന കേസന്വേഷണത്തിന്‍റെ വിവരങ്ങൾ എൻസിബി ഇന്ത്യൻ എംബസി വഴി ഖത്തറിന് കൈമാറുകയും ദമ്പതികളുടെ നിപരാധിത്വം തെളിയിക്കുകയുമായിരുന്നു.