മുംബൈ: കർണാടയിലെ ഹിജാബ് വിവാദം സുപ്രീം കോടതിയില്‍ എത്തിനില്‍ക്കെ മഹാരാഷ്‌ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ എസ്‌എന്‍ഡിടി വിമണ്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള എംഎംപി ഷാ കോളജിലാണ് ബുര്‍ഖ, സ്‌കാര്‍ഫ്, മൂടുപടം എന്നിവക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്‌കാര്‍ഫ്, മൂടുപടം, ബുര്‍ഖ എന്നിവ ധരിച്ച് കോളജില്‍ പ്രവേശിക്കാനാകില്ലെന്ന് കോളജ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
'വിദ്യാർഥികൾ കോളജിന്‍റെ അന്തസിന് അനുസരിച്ചുള്ള അനുയോജ്യമായ വസ്ത്രം ധരിക്കണം. കോളജിനകത്ത് ബുർഖ, സ്‌കാര്‍ഫ്, മൂടുപടം എന്നിവ ധരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു' എന്നാണ് കോളജ് വെബ്‌സൈറ്റിലെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് പറഞ്ഞ് വിഷയത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ രംഗത്തെത്തി.
കോളജിന്‍റെ വിശദീകരണം
കോളജിലെ ഹിജാബ് നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായി എംഎംപി ഷാ കോളജ് പ്രിൻസിപ്പൽ ലീന രാജെ പറഞ്ഞു. കോളജിൽ ഇത്തരമൊരു നിരോധനം ഇപ്പോള്‍ ഏര്‍പ്പെടുത്തിയതല്ലെന്നും നേരത്തെയുള്ളതാണെന്നും ഇത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ലീന രാജെ വിശദീകരിച്ചു. ഒരാളുടെ മുഖമാണ് ആ വ്യക്തിയുടെ സ്വത്വമെന്നത്. അത് മൂടിവയ്ക്കുകയെന്നതാണ് കോളജ് നിരോധിച്ചിരിക്കുന്നത്. ഹിജാബ് മാത്രമല്ല മൂടുപടവും നിരോധിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കോളജിന്‍റെ നടപടിക്കെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ റയീസ് ഷെയ്ഖ് രംഗത്തെത്തി. മഹാരാഷ്ട്രയിലെ കോളജുകളിൽ ഇത്തരം നിയമങ്ങൾ ഉണ്ടെങ്കിൽ സമാജ്‌വാദി പാര്‍ട്ടി അതിനെ എതിര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോളജ് അധികൃതര്‍ നിയമങ്ങൾ ഉടന്‍ മാറ്റണമെന്നും മഹാരാഷ്ട്ര സർക്കാര്‍ വിഷയത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും റയീസ് ഷെയ്ഖ് ആവശ്യപ്പെട്ടു.
Also read: ഹിജാബ് വിവാദം: ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി