മുംബൈ: ഭോജ്‌പുരി നടിയെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ച കുറ്റത്തിന് രണ്ട് പേരെ അംബോലി പൊലീസ് അറസ്റ്റ് ചെയ്‌തു. നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് പ്രതികൾ നടിയെ ഭീഷണിപ്പെടുത്തിയത്.
ഡിസംബർ 20ന് പ്രതികൾ നടിയെ ഹൂക്ക പാർലറിൽ വച്ച് നടന്ന ഒരു പാർട്ടിയ്ക്കിടെ കാണുകയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസിൽ നിന്ന് രക്ഷപെടുത്തണമെങ്കിൽ 20 ലക്ഷം രൂപ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
തുടർന്ന് പ്രതികൾ നടിയെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഭീഷണിയിൽ മനംനൊന്ത് ഡിസംബർ 23ന് നടി മുംബൈയിലെ ജോഗേശ്വരി പ്രദേശത്തെ വാടക ഫ്‌ളാറ്റിൽ തൂങ്ങിമരിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 384, 388, 389, 506, 120 ബി വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.