ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി അണക്കെട്ടിന് താഴെയുള്ള 15 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചതിന് പിന്നാലെയാണ് മരങ്ങൾ മുറിക്കാൻ കേരള സർക്കാർ അനുമതി നൽകിയത്.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാനുള്ള അനുമതി കേരളത്തിലെ വനംവകുപ്പ് നൽകിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ അറിയിച്ചുവെന്ന് സ്റ്റാലിൻ പറഞ്ഞു. ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും അനുമതി നൽകിയതിനാൽ ഉടൻ തന്നെ ഡാമുകൾ ബലപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ട് കൂടുതൽ ബലപ്പെടുത്തുന്നതിനും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും തമിഴ്‌നാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വണ്ടിപ്പെരിയാറിനും പെരിയാർ അണക്കെട്ടിനും ഇടയിലുള്ള റോഡ് നന്നാക്കാനും ആവശ്യമായ വസ്‌തുക്കൾ കൊണ്ടുപോകാനും അനുമതി നൽകണമെന്നുൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ മറ്റ് അഭ്യർഥനകളും പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്നും അദ്ദേഹം പിണറായി വിജയനോട് അഭ്യർഥിച്ചു.
ഡാം മേഖലയിലേക്കുള്ള ഏക കരമാർഗം ഇതായിരിക്കെ അറ്റകുറ്റപ്പണികൾക്കും അണക്കെട്ട് ബലപ്പെടുത്തലിനും ആവശ്യമായ വസ്‌തുക്കളും മറ്റ് യന്ത്രങ്ങളും എത്തിക്കുന്നതിന് റോഡ് പണികൾ ഉടൻ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാലിൻ അറിയിച്ചു.
Also Read: പരസ്യ ശാസന അച്ചടക്ക നടപടികളില്‍ മൂന്നാമത്തെ മാര്‍ഗമെന്ന് സി.പി.എം ഭരണ ഘടന