ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്ക വിഷയത്തിൽ അന്തിമ തീർപ്പിനായി വാദം കേൾക്കുന്നത് സുപ്രീം കോടതി ഡിസംബർ 10ലേക്ക് മാറ്റി. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും സി ടി രവികുമാറും അടങ്ങുന്ന ബഞ്ചിന്‍റേതായിരുന്നു ഉത്തരവ്.
അണക്കെട്ടിന്‍റെ ജലനിരപ്പ് സ്ഥിതിഗതികൾ സൂപ്പർവൈസറി കമ്മിറ്റിയുടെ നിരീക്ഷണത്തിലായതിനാൽ അടിയന്തര ഉത്തരവുകൾ ഉടൻ ആവശ്യമില്ലെന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വാദിച്ചു. എന്നാൽ തമിഴ്‌നാട് നിർദേശിച്ച റൂൾകർവ് കേരളം അംഗീകരിച്ചിട്ടില്ല. കേരളത്തിന്‍റെ എതിർപ്പുകൾ പരിഹരിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Also Read: മുല്ലപ്പെരിയാര്‍ : പ്രതിഷേധ സമരത്തിനൊരുങ്ങി എഐഎഡിഎംകെ
എന്നാൽ അത് അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ അടിയന്തര വിധി ആവശ്യമില്ലെന്നും വിഷയം അന്തിമ വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കാമെന്നും തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെയും സമ്മതിച്ചു.
തമിഴ്‌നാടിന്‍റെ നിർദേശപ്രകാരം സൂപ്പർവൈസറി കമ്മിറ്റി അംഗീകരിച്ച റൂൾ കർവ് സംബന്ധിച്ച് കേരള സർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിലവിലെ അണക്കെട്ട് ഡീകമ്മിഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കുന്നതാണ് പ്രശ്‌നത്തിനുള്ള ദീർഘകാല പരിഹാരമെന്നും കേരളം വ്യക്തമാക്കി.
പിന്നീട് കേരളത്തിന്‍റെ വാദങ്ങള്‍ തള്ളി തമിഴ്‌നാട് എതിർ സത്യവാങ്മൂലം സമർപ്പിച്ചു. അണക്കെട്ട് ജലശാസ്ത്രപരമായും ഘടനാപരമായും ഭൂകമ്പപരമായും സുരക്ഷിതമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സമിതി അത് ശരിവച്ചിട്ടുണ്ടെന്നുമാണ് തമിഴ്‌നാടിന്‍റെ വാദം.