ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്‌ട്രീയ കൂടുമാറ്റം ശക്‌തിയായി തുടരുന്നു. സമാജ് വാദി പാർട്ടിയിലേക്കുള്ള ബിജെപി നേതാക്കളുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ സമാജ് വാദി പാർട്ടിയിൽ നിന്നും, കോണ്‍ഗ്രസിൽ നിന്നും പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് ചുവട് മാറ്റി.
സമാജ് വാദി പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് മുലായം സിങ് യാദവിന്‍റെ ഭാര്യ സഹോദരൻ പ്രമോദ് ഗുപ്‌തയാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിക്കെതിരെയും അഖിലേഷ് യാദവിനെതിരെയും കനത്ത വിമർശനങ്ങളാണ് പ്രമോദ് ഗുപ്‌ത ഉന്നയിച്ചത്. സമാജ് വാദ് പാർട്ടിയിലെ എല്ലാവരേയും അഖിലേഷ് യാദവ് മൂലയ്‌ക്കിരുത്തി എന്നും ബിജെപിയുടെ നയം ഇഷ്‌ടമായത് കൊണ്ടാണ് അവിടേക്ക് പോയതെന്നും പ്രമോദ് ഗുപ്‌ത പറഞ്ഞു.
മുലായം സിങ് യാദവിന് പ്രായമായി. അതിനാൽ തന്നെ കുടുംബത്തിലെ ആരും അദ്ദേഹത്തെ അനുസരിക്കുന്നില്ല. അഖിലേഷ് യാദവ് അദ്ദേഹത്തെ അവഗണിച്ചു. അഖിലേഷിന്‍റെ ആശയങ്ങളെ ആര് എതിർത്താലും അവരെ അദ്ദേഹം ഒതുക്കികളയുന്നു. പ്രമോദ് ഗുപ്‌ത കൂട്ടിച്ചേർത്തു.
അതേസമയം ഉത്തർപ്രദേശിൽ സ്ത്രീ ശാക്‌തീകരണം ലക്ഷ്യം വെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിവന്ന 'ലഡ്കി ഹൂം, ലഡ്കി ശക്തി ഹൂം' കാമ്പയ്‌നിന്‍റെ പ്രധാനിയായിരുന്ന ഡോ. പ്രിയങ്ക മൗര്യയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
ALSO READ: ടിക്കറ്റ് നിഷേധിച്ചു ; യുപിയില്‍ മനംനൊന്ത ബിജെപി നേതാക്കൾ ബിഎസ്‌പിയിൽ
അതേസമയം മുലായം സിങ് യാദവിന്‍റെ മരുമകളും ഭാര്യാസഹോദരനും ബിജെപിയിൽ ചേർന്നുവെന്നും കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ലക്ഷ്മികാന്ത് ബാജ്‌പേയ് പറഞ്ഞു. കഴിഞ്ഞ ദിവങ്ങളിൽ മുന്ന് മന്ത്രിമാരും എംഎൽഎമാരും അടക്കം 11 നേതാക്കൾ ബിജെപി വിട്ടിരുന്നു. ഇവരിൽ ഏറെപ്പേരും സമാജ്‌വാദ് പാർട്ടിയിൽ ചേരുകയും ചെയ്‌തിരുന്നു.