ഭോപ്പാല്‍: ഇന്ത്യയിലെ കടുവകളുടെ സംസ്ഥാനം എന്നറിയപ്പെടുന്ന മധ്യപ്രദേശില്‍ ദിനംപ്രതി കടുവകള്‍ ചത്തൊടുങ്ങുന്നത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മധ്യപ്രദേശില്‍ ചത്തൊടുങ്ങുന്ന കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാന്ധവ്‌ഗഡ് നാഷണൽ പാർക്കാണ് സംസ്ഥാനത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആകെ ചത്തത് 27 കടുവകളാണ്. ഈ നിരക്ക് മധ്യപ്രദേശിലെ വന്യജീവി സംരക്ഷണത്തിന് മേല്‍ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ കടുവകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് അപകട നിരക്ക് കൂടുവാന്‍ കാരണമെന്ന് വനം വകുപ്പ് മന്ത്രി വിജയ് ഷാ പറഞ്ഞു.
കര്‍ണാടകയായിരുന്നു നേരത്തെ കടുവകളുടെ സംസ്ഥാനം എന്നറിയപ്പെട്ടിരുന്നത്. എന്നാല്‍ 2018ലെ സെന്‍സസ് പ്രകാരം മധ്യപ്രദേശിലെ കടുവകളുടെ എണ്ണം 524 ആയി ഉയര്‍ന്നതാണ് മധ്യപ്രദേശ് കടുവകളുടെ സംസ്ഥാനം എന്ന് അറിയപ്പെടാന്‍ കാരണമായത്. ബാന്ധവ്‌ഗഡില്‍ മാത്രം കടുവകളുടെ എണ്ണം 124 ആയി ഉയര്‍ന്നതാണ് മധ്യപ്രദേശിന്‍റെ ഇത്തരമൊരു നേട്ടത്തിന് കാരണം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാന്ധവ്‌ഗഡിലെ കടുവകളുടെ എണ്ണത്തിലുണ്ടായ കുറവാണ് മധ്യപ്രദേശിലെ കടുവ സംരക്ഷണത്തെ അപകടത്തിലാക്കിയത്.
ബാന്ധവ്‌ഗഡിൽ രണ്ട് വർഷത്തിനുള്ളില്‍ മൂന്ന് കടുവകളെയും മൂന്ന് കുഞ്ഞുങ്ങളെയും കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. വനത്തിലെ ഷഹ്‌ഡോൾ ഡിവിഷനിൽ, അഞ്ച് വർഷത്തിനുള്ളിൽ 10 ലധികം കടുവകളാണ് ചത്തത്. കടുവകളുടെ എണ്ണത്തിലെ ഗണ്യമായ കുറവിന് കാരണം വേട്ടയാടലാണെന്നാണ് റിപ്പോര്‍ട്ട്.