ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറിലെ കമല രാജ ആശുപത്രിയിൽ ഓക്സിജന്‍ ലഭിക്കാതെ പത്ത് കൊവിഡ് രോഗികൾ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അതേസമയം രണ്ട് പേരുടെ മരണം മാത്രമാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലെ വനിതാ മെഡിക്കൽ വാർഡിലെ ഓക്സിജന്‍ തീർന്നതിനെ തുടർന്നാണ് മരണങ്ങള്‍ സംഭവിച്ചത്. സംഭവമറിഞ്ഞ് കലക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
എംഎൽഎമാരായ പ്രവീൺ പഥക്, സതീഷ് സിക്കാർവാർ എന്നിവരും ആശുപത്രിയിലെത്തി. നഗരത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണിത്. കൊവിഡ് രോഗികളിൽ ഭൂരിഭാഗവും ഈ ആശുപത്രിയിലാണുള്ളത്. ഓക്സിജന്‍ അഭാവം ഉള്ളതിനാല്‍ മറ്റ് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അതേസമയം സംഭവത്തെത്തുടര്‍ന്ന് കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധിച്ചു.