ഹൈദരാബാദ് : അമ്മമാരെക്കുറിച്ച് വാക്കുകളില്‍ വിവരിക്കുക അസാധ്യമാണ്. ജന്മം നൽകുന്നതിലുപരി അമ്മമാർ ഓരോ വ്യക്തിയുടേയും ജീവിതത്തിൽ സുഹൃത്ത്, അധ്യാപിക, ഡോക്‌ടർ എന്നിവരുടേതുമായ നിരവധി കർമങ്ങളാണ് ചെയ്യുന്നത്. ഒരു കുട്ടിയും അമ്മയും തമ്മിലുള്ള ബന്ധം നിസ്വാർഥവും ശക്തവും സ്‌നേഹത്തിൽ അധിഷ്‌ഠിതവുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവർ നമുക്ക് വേണ്ടി ചെയ്യുന്നതെല്ലാം അതേ അളവിൽ മടക്കി നൽകുക അസാധ്യമാണെന്നിരിക്കെ അമ്മമാരോടുള്ള സ്‌നേഹം പ്രകടമാക്കാൻ മാതൃദിനം നമുക്ക് പ്രയോജനപ്പെടുത്താം. മെയ് 14 നാണ് മാതൃദിനം.
അമ്മമാർക്ക് നൽകാവുന്ന മനോഹരമായ ചില സമ്മാനങ്ങൾ
പൂച്ചെണ്ടുകൾ : സ്‌നേഹത്തിന്‍റെ പ്രതീകമായി പൂച്ചെണ്ടുകൾ നൽകുന്നത് നല്ല ആശയമാണ്. റോസാപ്പൂക്കൾ, ഓർക്കിഡുകൾ, കാർണേഷനുകൾ, ടുലിപ്‌സ് തുടങ്ങി നിരവധി ഒപ്‌ഷനുകളാണ് ഇക്കൂട്ടത്തിലുള്ളത്. അമ്മമാർക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കൾ ഏതാണെന്ന് മനസിലാക്കി അത് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ചുവന്ന റോസാപ്പൂക്കൾ ഏത് സന്തോഷാവസരങ്ങളിലും സ്‌നേഹം പ്രകടിപ്പിക്കാൻ നൽകാവുന്ന സമ്മാനമാണ്.
വ്യക്തിഗതമാക്കിയ മഗ്ഗുകൾ : അമ്മമാർക്ക് എല്ലാ ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ഒരു സമ്മാനമാണ് വ്യക്തിഗതമാക്കിയ മഗ്ഗുകൾ. ഇഷ്‌ടപ്പെട്ട പാനീയങ്ങൾ ഇടവേളകളിൽ ആസ്വദിക്കുമ്പോൾ അവരുടെ ചിത്രങ്ങൾ പതിച്ചതോ പ്രത്യേക സന്ദേശങ്ങൾ എഴുതിയതോ ആയ മഗ്ഗുകള്‍ ഉപയോഗിക്കുന്നത് സന്തോഷം നൽകും. എല്ലാ ദിവസവും നിങ്ങൾക്ക് അവരോടുള്ള സ്‌നേഹം ഓർമിക്കപ്പെടാൻ അനുയോജ്യമായ ഒരു സമ്മാനമാണിത്.
ചോക്ലേറ്റുകൾ : ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കുക എന്നത് എല്ലാവരും ആസ്വദിക്കുന്ന ഒന്നാണ്. അക്കൂട്ടത്തിൽ പ്രിയപ്പെട്ട ഒന്നാണ് ചോക്ലേറ്റുകൾ. അമ്മമാർക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ചോക്ലേറ്റ് ഏതാണെന്ന് കണ്ടെത്തി അത് വാങ്ങിക്കൊടുക്കാം. നട്‌സ്, കാരമൽ, മിൽക്ക് തുടങ്ങി ചോക്ലേറ്റിൽ നിരവധി ഒപ്‌ഷനുകളാണ് നമുക്ക് മുന്നിൽ ഉള്ളത്.
അർഥവത്തായ സന്ദേശമുള്ള ഫോട്ടോ ഫ്രെയിം : പ്രിയപ്പെട്ട കുടുംബ ചിത്രങ്ങൾ നൽകുന്നത് മാതൃദിനം അവിസ്‌മരണീയമാക്കാൻ നല്ലൊരു ആശയമാണ്. ചിത്രങ്ങൾക്കൊപ്പം സ്‌നേഹത്തോടെയുള്ള സന്ദേശങ്ങൾ കൂടി അതിൽ എഴുതി ചേർത്താൽ അമ്മമാർക്ക് തീർച്ചയായും അത് ഇഷ്‌ടപ്പെടും. സ്വീകരണമുറിയിലോ കിടപ്പുമുറിയിലോ അല്ലെങ്കിൽ വീടിന്‍റെ ഏതെങ്കിലും പ്രത്യേക ഭാഗങ്ങളിലോ ചിത്രങ്ങൾ സ്ഥാപിക്കുന്നത് കുടുംബ ബന്ധങ്ങളെ കൂടുതൽ ദൃഢമുള്ളതാക്കും.
ആഭരണം : മാതൃദിനത്തിൽ മാത്രമല്ല എല്ലായ്‌പ്പോഴും അമ്മമാരെ സന്തോഷിപ്പിക്കാൻ നൽകാവുന്ന ഒരു സമ്മാനമാണ് ആഭരണങ്ങൾ. പെൻഡന്‍റുകൾ, മോതിരങ്ങൾ മുതൽ രത്നക്കല്ലുകൾ പതിച്ച വാച്ചുകൾ, ട്രെൻഡി ബീഡ് ബ്രേസ്ലേറ്റുകൾ തുടങ്ങി ഈ വിഭാഗത്തിൽ നിരവധി ഒപ്‌ഷനുകൾ വിപണിയിലുണ്ട്. അവർക്ക് അനുയോജ്യമായത് തെരഞ്ഞെടുത്ത് അമ്മമാര്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കാന്‍ മികച്ചൊരു ആഭരണം തെരഞ്ഞെടുക്കാം.