ബെംഗളൂരു : യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നിലവിലെ സാഹചര്യം മെച്ചപ്പെട്ടതിന് ശേഷം പുനരാരംഭിയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 'നവീൻ ശേഖരപ്പയുടെ മൃതദേഹം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ മേഖലയിലെ ഷെല്ലാക്രമണം അവസാനിച്ചതിന് ശേഷം ഉടൻ പുനരാരംഭിയ്ക്കും' - ബസവരാജ് ബൊമ്മെ പറഞ്ഞു.
നവീന്‍റെ മൃതദേഹം എംബാം ചെയ്‌ത് യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ബസവരാജ് ബൊമ്മെ നേരത്തെ അറിയിച്ചിരുന്നു. ഖാർകീവ് ദേശീയ മെഡിക്കൽ സര്‍വകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ശേഖരപ്പ. ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്നതിനിടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.