ലക്‌നൗ (യുപി): നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കേ ബിജെപിക്ക് കനത്ത പ്രഹരം നല്‍കി യോഗി മന്ത്രിസഭയിലെ ഒരു മന്ത്രി ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ രാജി വച്ചു. യോഗി മന്ത്രിസഭയിലെ തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, കാന്‍പൂരില്‍ നിന്നുള്ള എംഎല്‍എ ഭഗവതി സാഗര്‍, ബന്ദയില്‍ നിന്നുള്ള ബ്രിജേഷ് പ്രജാപതി, ഷാജഹാന്‍പൂരില്‍ നിന്നുള്ള റോഷന്‍ ലാല്‍ വര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജി വച്ചത്. വ്യത്യസ്ത പ്രത്യയശാസ്ത്രമാണെങ്കിലും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അർപ്പണബോധത്തോടെയാണ് സേവനമനുഷ്‌ഠിച്ചത്. എന്നാല്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നി വിഭാഗങ്ങളോടുള്ള പാർട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗവർണർ ആനന്ദിബെന്‍ പട്ടേലിനയച്ച രാജിക്കത്തില്‍ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.
സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മൗര്യയെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സ്വാഗതം ചെയ്‌തു. സമത്വത്തിനും അധസ്ഥിതരുടെ അവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ട സ്വാമി പ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി സ്വാഗതം ചെയ്യുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.
കിഴക്കൻ ഉത്തർപ്രദേശിലെ പദ്രൗണ മേഖലയില്‍ നിന്നുള്ള എംഎൽഎയായ സ്വാമി പ്രസാദ് മൗര്യ 2016ലാണ് ബിഎസ്‌പി വിട്ട് ബിജെപിയില്‍ ചേരുന്നത്. മൗര്യയുടെ മകള്‍ സംഘമിത്ര ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയാണ്. അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൗര്യ ബിഎസ്‌പിയുടെ സംസ്ഥാന അധ്യക്ഷനും 2012 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾക്ക് മുമ്പുണ്ടായ രാഷ്‌ട്രീയ വികാസം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മന്ത്രിമാരായ ദാരാ സിങ് ചൗഹാൻ, ധരം സിങ് സൈനി, തിൽഹാർ എംഎൽഎ റോഷൻ ലാൽ, നന്ദ് ഗോപാൽ ഗുപ്‌ത എന്നിവരുൾപ്പടെ നിരവധി ബിജെപി എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. ഏഴ് ഘട്ടങ്ങളുള്ള യുപി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്.