മുംബൈ: എൻഎസ്‌ഇഎല്ലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംഎല്‍എ പ്രതാപ് സർനായിക്കും കുടുംബവും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഇഡി അന്വേഷണം പുരോഗമിക്കവെയാണ് പ്രതാപ് സർനായിക്കിൻ്റെ നിർണായക നീക്കം.
ഇഡിയുടെ കടുത്ത നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ശിവസേന എം.എൽ.എ പ്രതാപ് സർനായിക് ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതുവരെ സമൻസ് നൽകിയിട്ടില്ലെന്ന് ഇഡി ബോംബെ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ വാദം വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
Also Read: കൊവിഡ് മൂന്നാം തരംഗം: പരിഹാരം വാക്‌സിനെന്ന് നീതി ആയോഗ് അംഗം
സ്വകാര്യസെക്യൂരിറ്റി ജീവനക്കാരെ നൽകുന്ന ടോപ്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡിയുടെ അന്വേഷണം ആദ്യം ഉണ്ടായത്. സർനായിക്കിൻ്റെ ഓഫിസുകളിലും വീട്ടിലും റെയ്‌ഡ് നടത്തിയ ഇഡി സർനായിക്കിൻ്റെ മകനെ കസ്റ്റഡിയിലെടുത്തിരുന്നു.
നാഷണൽ സ്പോട്ട് എക്സേഞ്ച് ലിമിറ്റഡുമായി (എൻഎസ്‌ഇഎൽ) ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പുകേസിൽ സർനായിക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൻ്റെ 112 പ്ലോട്ടുകൾ കോടതി ഉത്തരവുപ്രകാരം ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.