ബെംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് ബിനീഷ് പുറത്തിറങ്ങിയത്. സത്യം ജയിക്കുമെന്നും തന്നെക്കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചെന്നും ജയിൽമോചിതനായ ശേഷം ബിനീഷ് പ്രതികരിച്ചു.
ഇഡി ആവശ്യപ്പെട്ടത് പറയാൻ താൻ തയ്യാറായില്ല. കേരളത്തിലെത്തിയ ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും ബിനീഷ് പറഞ്ഞു. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതിനെ തുടർന്നാണ് ബിനീഷിന് ഇന്നലെ ജയിൽ മോചിതനാകാൻ കഴിയാതെ പോയത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെ കർശന ഉപാധികളോടെയാണ് ജാമ്യം.
READ MORE: കള്ളപ്പണക്കേസ് : അറസ്റ്റിലായി ഒരു വര്‍ഷം തികയാനിരിക്കെ ബിനീഷിന് ജാമ്യം
വെള്ളിയാഴ്‌ച കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എം.ജി ഉമയുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 14 ദിവസം ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്‌തു. തുടര്‍ന്ന് 2020 നവംബർ 11 മുതൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.