ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്നും പുരോഗമിക്കുന്ന ലോക്‌സഭ സിറ്റിങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. മാപ്പ് പറയാന്‍ വിസമ്മതിച്ചതിനാല്‍ തന്നെ വിശേഷിപ്പിക്കാന്‍ അഹങ്കാരി പോലുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പരാതിക്കാരന്‍ സത്യവാങ്‌മൂലത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും കേസിന്‍റെ പശ്ചാത്തലത്തില്‍ അയോഗ്യനാക്കപ്പെട്ട വയനാട് എംപിയായ രാഹുല്‍ കോടതിയെ ധരിപ്പിച്ചു.
മാപ്പ് പറച്ചിലിലേക്ക് എത്തിച്ചതെന്തിന്: ജനപ്രാതിനിധ്യ നിയമത്തിന് കീഴിലുള്ള ക്രിമിനൽ പ്രക്രിയയും അനന്തരഫലങ്ങളും ഉപയോഗിച്ച് ഒരു തെറ്റും കൂടാതെ ക്ഷമാപണം നടത്താൻ അപേക്ഷകനെ നിര്‍ബന്ധിക്കുന്നത് ജുഡീഷ്യൽ പ്രക്രിയയുടെ കടുത്ത ദുരുപയോഗമാണ്. അതുകൊണ്ട് അത് ഈ കോടതി പരിഗണിക്കേണ്ടതില്ല. താൻ കുറ്റക്കാരനല്ലെന്നും ശിക്ഷാവിധി നിലനിൽക്കുന്നതല്ലെന്നും രാഹുല്‍ പുനഃസത്യവാങ്‌മൂലത്തില്‍ കോടതിയെ അറിയിച്ചു. മാപ്പ് പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യണമെങ്കില്‍ തനിക്ക് വളരെ മുമ്പ് തന്നെ അത് ആവാമായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
പരാതിക്കാരനുള്ള മറുപടി: ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള 22 കുറ്റകൃത്യങ്ങളിൽ ഒന്നും താരതമ്യേന ചെറിയ ജയില്‍ ശിക്ഷയുമുള്ള ഒന്നാണ് അപകീര്‍ത്തി. ഇതുതന്നെ ശിക്ഷാവിധി സ്‌റ്റേ ചെയ്യുന്നതിനുള്ള അസാധാരണമായ സാഹചര്യമാണെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. മാത്രമല്ല മോദി വിഭാഗത്തില്‍പെട്ട ആളായത് കൊണ്ടുതന്നെ അറിയപ്പെടുന്ന ആ വിഭാഗത്തെ മുഴുവന്‍ പ്രതിനിധീകരിച്ച് പരാതിപ്പെടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന പരാതിക്കാരന്‍ പൂര്‍ണേഷ് മോദിയുടെ വാദത്തിനും രാഹുല്‍ മറുപടി നല്‍കി.
മോദി സമുദായത്തില്‍പെട്ടവര്‍ വേറിട്ടതും തിരിച്ചറിയാവുന്നതും പരിമിതവുമായ വിഭാഗമാണെന്നുള്ള പരാതിക്കാരന്‍റെ മൊഴികളിൽ തന്നെ പൊരുത്തമില്ലായ്‌മയുണ്ട്. പരാതിക്കാരന്‍റെ വാദത്തില്‍ തന്നെ നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്‌സി എന്നിവരും ഒരേ വിഭാഗത്തില്‍പെടുന്നില്ലെന്ന് സമ്മതിക്കുന്നതായും രാഹുല്‍ പ്രതികരിച്ചു.
തന്‍റെ കേസ് അപ്പീല്‍ കോടതിക്ക് മുമ്പാകെ തന്നെ വിജയിക്കേണ്ടുന്ന ഒന്നായിരുന്നു. നിസാര കുറ്റമായി കണക്കാക്കാവുന്ന കേസ് അസാധാരണമാക്കി മാറ്റിയതിലൂടെ തെരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയിൽ തനിക്ക് വരുത്തുന്നത് പരിഹരിക്കാനാകാത്ത നഷ്‌ടമാണെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസ് ഇനി ഓഗസ്‌റ്റ് നാലിന് സുപ്രീംകോടതി പരിഗണിക്കും.
കേസ് വന്ന വഴി: 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് കേസിനാസ്‌പദമായ രാഹുല്‍ ഗാന്ധിയുടെ 'മോദി' അപകീര്‍ത്തി പരാമര്‍ശമെത്തുന്നത്. രാജ്യം വിട്ട നീരവ് മോദിയെയും ലളിത് മോദിയെയും ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമര്‍ശിച്ചായിരുന്നു പ്രചാരണത്തിനിടെയുള്ള രാഹുലിന്‍റെ പ്രസംഗം. കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേരുണ്ടായത് എങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി വിഭാഗത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നറിയിച്ച് ബിജെപി നേതാവ് പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.