പട്‌ന: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനനഷ്‌ടക്കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 25 ലേക്ക് മാറ്റി. രാഹുലിനെതിരെയുള്ള മാനനഷ്‌ടക്കേസില്‍ ബുധനാഴ്‌ച നടക്കേണ്ട വാദം കേള്‍ക്കലാണ് ബിഹാറിലെ എംപി/എംഎല്‍എ കോടതി ഏപ്രില്‍ 25 ലേക്ക് മാറ്റിയത്. കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കേസിന്‍റെ നാള്‍വഴികള്‍: പ്രസ്‌തുത തീയതിയില്‍ രാഹുല്‍ ഗാന്ധി ഹാജരായില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ റദ്ദാകും. മാത്രമല്ല രാഹുൽ ഗാന്ധിയുടെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരനായ ബിജെപി നേതാവും എംപിയുമായ സുശീൽ കുമാർ മോദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കേസെടുത്തത്. രാജ്യംവിട്ട നീരവ് മോദിയേയും ലളിത് മോദിയേയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഹുല്‍ ഗാന്ധി ഈ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. മാത്രമല്ല കള്ളന്മാർക്കെല്ലാം മോദി എന്നൊരു പേരുണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തിനെതിരെ മുന്‍ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പൂർണേഷ് മോദി കോടതിയില്‍ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. രാഹുല്‍ തന്‍റെ പരാമര്‍ശങ്ങളിലൂടെ മോദ് അല്ലെങ്കില്‍ മോദി സമുദായത്തെ മുഴുവനായും അപകീര്‍ത്തിപെടുത്തി എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി.
ശിക്ഷാവിധിയും ജാമ്യവും: തുടര്‍ന്ന് കേസ് പരിഗണിച്ച സൂറത്ത് കോടതി രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ടുമാസത്തെ തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍ തന്‍റെ പരാമർശങ്ങൾ ചില വ്യക്തികൾക്ക് എതിരെ മാത്രമാണെന്നും മുഴുവൻ സമൂഹത്തിനും എതിരെയുള്ളതല്ലെന്നും അതിനാല്‍ കുറ്റക്കാരനല്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ പട്‌ന കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പരാതിയെ തുടർന്ന് പട്‌നയിലെ എംപി-എംഎൽഎ കോടതി സിആർപിസി സെക്ഷൻ 317 പ്രകാരം രാഹുലിന് സമൻസ് അയയ്ക്കുകയും കോടതിയിൽ ഹാജരായി മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
സൂറത്തിലേക്ക്: പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് കേസില്‍ അപ്പീൽ നൽകുന്നതിനായി രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലെത്തിയിരുന്നു. സൂറത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് എഐസിസി മുൻ അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിയെ സന്ദർശിച്ച് രാഹുൽ അനുഗ്രഹം വാങ്ങി. തടവുശിക്ഷ വിധിച്ച സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയാണ് അദ്ദേഹം സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചത്. ശിക്ഷയും കുറ്റവും മരവിപ്പിക്കാനുള്ള അപേക്ഷകളും രാഹുല്‍ ഗാന്ധി കോടതിയില്‍ സമർപ്പിച്ചിരുന്നു. രാഹുലിന് വേണ്ടി കിരിത് പൻവാലയാണ് കോടതിയിൽ ഹാജരായത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ഇദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം സൂറത്തിലേക്ക് തിരിച്ച രാഹുലിനെ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് തുടങ്ങിയവരും അനുഗമിച്ചിരുന്നു.