സമര്‍ഖണ്ട്: ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ സമര്‍ഖണ്ടില്‍ വച്ച് നടക്കുന്ന ഷങ്‌ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ന്(16.09.2022) കൂടിക്കാഴ്‌ച നടത്തും. അന്താരാഷ്‌ട്ര വ്യാപാരവും നിലവിലെ ഭൗമരാഷ്‌ട്രീയ വെല്ലുവിളികളുമായിരിക്കും കൂടിക്കാഴ്‌ചയിലെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ചൈനീസ് പ്രസിഡന്‍റ് ഷീജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുമോ എന്നതിനെ പറ്റിയുള്ള സ്ഥിരീകരണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ നടത്തിയിട്ടില്ല.
ഇന്നാണ് എസ്‌സിഒ ഉച്ചകോടി ആരംഭിക്കുന്നത്. ഇന്നലെ(15.09.2022) രാത്രിയാണ് നരേന്ദ്ര മോദി സമര്‍ഖണ്ടില്‍ എത്തിചേര്‍ന്നത്. 2020ല്‍ കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് മോദിയും ഷീജിന്‍പിങ്ങും മുഖാമുഖം കാണുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും മധ്യേഷന്‍ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഏഷ്യ പസഫിക്കിലെ സാഹചര്യങ്ങള്‍, ഐക്യരാഷ്‌ട്രസഭയിലും ജി-20ലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, സുരക്ഷ സാഹചര്യങ്ങള്‍ എന്നിവ പുടിന്‍-മോദി കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്‍റ് ഷൗക്കത്ത് മിര്‍സിയോയേവുമായും ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയിസിയുമായും പ്രധാനമന്ത്രി മോദി ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തും.
രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് എസ്‌സിഒ അംഗരാജ്യങ്ങളിലെ നേതാക്കള്‍ ഉച്ചകോടിയില്‍ ഒത്തുചേരുന്നത്. പല അന്താരാഷ്‌ട്ര പ്രതിസന്ധികള്‍ക്കിടയിലുമാണ് എസ്‌സിഒ ഉച്ചകോടി നടക്കുന്നത്. റഷ്യ യുക്രൈന്‍ സംഘര്‍ഷം, തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായ സാഹചര്യം, ഭക്ഷ്യ ധാന്യങ്ങളുടേയും ഇന്ധനങ്ങളുടേയും വില ലോകത്താകെ വര്‍ധിച്ചത് എന്നിവയാണ് അന്താരാഷ്‌ട്ര രംഗത്തെ പ്രധാന വെല്ലുവിളികള്‍.
2001 ജൂണിലാണ് എസ്‌സിഒ രൂപീകരിക്കപ്പെടുന്നത്. ചൈന, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് എസ്‌സിഒ രൂപീകരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും 2017ല്‍ എസ്‌സിഒയിലെ പൂര്‍ണ അംഗങ്ങളായി മാറി.
രണ്ട് സെഷനുകളിലായാണ് ഇത്തവണ എസ്‌സിഒ ഉച്ചകോടി നടക്കുന്നത്. സംഘടനയിലെ അംഗരാഷ്‌ട്രങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു സെഷനും. പിന്നീട് നിരീക്ഷക രാജ്യങ്ങളും അധ്യക്ഷത വഹിക്കുന്ന രാജ്യത്തിന്‍റെ പ്രത്യേക ക്ഷണിതാക്കളേയും പങ്കെടുപ്പിച്ചുള്ള മറ്റൊരു സെഷനുമായിരിക്കും ഉണ്ടാകുക.