ഗുരുഗ്രാം : പ്രശസ്‌ത മോഡൽ ദിവ്യ പഹൂജ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് പൊലീസ് (Model Divya Pahuja Murder). ഗുരുഗ്രാം ഗുണ്ട നേതാവ് സന്ദീപ് ഗഡോളിയുടെ വ്യാജ ഏറ്റുമുട്ടൽ കേസിൽ (Gurugram gangster, Sandeep Gadoli's fake encounter case) ഏഴ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിച്ച് മാസങ്ങൾക്കുള്ളിലാണ് ദിവ്യ പഹൂജ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സിറ്റി പോയിന്‍റ് എന്ന ഹോട്ടലിന്‍റെ ഉടമയായ അഭിജീത് സിങ്ങാണ് (56) കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് പറഞ്ഞു (Model Divya Pahuja Shot to Death Months after Securing bail in Gangster Fake Encounter).
നേപ്പാൾ സ്വദേശി ഹേംരാജ് (28), പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരിയിലെ ജുരന്തി ഗ്രാമവാസിയായ ഓംപ്രകാശ് (23) എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു (Model Divya Pahuja Murder Gurugram, three accused arrested). ദിവ്യ പഹൂജ തന്‍റെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
തന്‍റെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ദിവ്യ നിരന്തരം ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയിരുന്നു. എന്നാൽ, കുറച്ച് നാളുകൾക്ക് മുൻപ് ദിവ്യ ഭീമമായ തുക തന്നോട് ആവശ്യപ്പെട്ടു. ഇതോടെ ദിവ്യയുടെ ഫോണിൽ നിന്ന് തന്‍റെ ചിത്രങ്ങൾ എന്നന്നേക്കുമായി നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ജനുവരി 2ന് ദിവ്യയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി, ഫോണിൽ നിന്ന് തന്‍റെ സ്വകാര്യ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.
എന്നാൽ, ദിവ്യ ഫോണിന്‍റെ പാസ്‌വേഡ് നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായതിനെ തുടർന്ന് ദിവ്യയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിജീത് പൊലീസിനോട് പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികൾ അഭിജീതിന്‍റെ ഹോട്ടലിലെ ജീവനക്കാരാണ്. മൃതദേഹം ഹോട്ടലിൽ നിന്ന് മാറ്റാൻ ഇരുവരും അഭിജീതിനെ സഹായിച്ചു. തുടർന്ന് മൃതദേഹം അഭിജീതിന്‍റെ ബിഎംഡബ്ല്യൂ കാറിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ദിവ്യയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹോട്ടൽ സിറ്റി പോയിന്‍റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം ഷീറ്റിൽ പൊതിഞ്ഞ് വലിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ബോകൻ പറഞ്ഞു.
2016ൽ മുംബൈയിൽ നടന്ന ഗുണ്ട നേതാവ് സന്ദീപ് ഗഡോളി വ്യാജ ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് ഗഡോലിയുടെ സുഹൃത്തായിരുന്നു കേസിലെ പ്രതിയായ ദിവ്യ. 2016 ഫെബ്രുവരി 6ന് മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന ഏറ്റുമുട്ടലിൽ സന്ദീപിനെ ഹരിയാന പൊലീസ് കൊലപ്പെടുത്തി. എന്നാൽ, ഇത് ഹരിയാന പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നുവെന്നും സന്ദീപിനെ കൊലപ്പെടുത്തിയത് ദിവ്യ പഹൂജയുടെ സഹായത്തോടെയാണെന്നും മുംബൈ പൊലീസ് കണ്ടെത്തി. തുടർന്ന് ഈ കേസിൽ ദിവ്യ, അവരുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു.