മൈസൂരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ മെഗാ റോഡ് ഷോയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് മൊബൈൽ ഫോൺ എറിഞ്ഞ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. ആദ്യഘട്ടത്തിൽ ഇത് സുരക്ഷാവീഴ്‌ചയായാണ് വിലയിരുത്തിയതെങ്കിലും യാതൊരു ദുരുദ്ദേശ്യവുമില്ലാത്ത ഒരു ബിജെപി പ്രവർത്തക അമിതാവേശത്താല്‍ ഫോൺ എറിയുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഫോൺ, വാഹനത്തിന്‍റെ ബോണറ്റിൽ പതിച്ചത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ ആവേശ ചൂടിലാണ് കർണാടക. മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച മൈസൂരുവിൽ പ്രത്യേകം രൂപകൽപ്പന ചെയ്‌ത വാഹനത്തിൽ റോഡ്ഷോ നടത്തിയിരുന്നു. മോദിക്ക് നേരെ എറിഞ്ഞ ഫോൺ ബിജെപി പ്രവർത്തകയുടേതാണെന്നും പ്രധാനമന്ത്രി മോദി എസ്‌പിജിയുടെ സംരക്ഷണയിലായിരുന്നുവെന്നും ക്രമസമാധാന ചുമതല വഹിച്ചിരുന്ന അഡീഷണൽ ഡയറക്‌ടർ ജനറൽ (എഡിജിപി) അലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
'പ്രധാനമന്ത്രിയുടെ വാഹനത്തിന് മുകളിലേക്ക് ഫോൺ എറിഞ്ഞയാൾക്ക് ദുരുദ്ദേശ്യമില്ലായിരുന്നു, ആവേശത്തിൽ സംഭവിച്ചുപോയതാണ്. ഫോൺ ബിജെപി പ്രവർത്തകയുടേതാണ്. ആളെ കണ്ടെത്തുകയും ഫോൺ കൈമാറുകയും ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രി എസ്‌പിജിയുടെ സംരക്ഷണത്തിലായിരുന്നു' - അലോക് കുമാർ പറഞ്ഞു. മൈസൂർ-കുടക് എംപി പ്രതാപ് സിംഹ, മുൻ മന്ത്രിമാരായ കെ എസ് ഈശ്വരപ്പ, എസ് എ രാമദാസ് എന്നിവരടങ്ങിയ വാഹനത്തിൽ മോദി റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ കൈവീശി കാണിക്കുമ്പോഴായിരുന്നു സംഭവം.
ദൃശ്യങ്ങൾ അനുസരിച്ച്, പ്രവർത്തക ഫോൺ പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ എറിയുന്നത് കാണാം. എന്നാൽ, പ്രധാനമന്ത്രിയുടെ ശരീരത്തിൽ മൊബൈൽ സ്‌പർശിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ പുഷ്പവൃഷ്‌ടി നടത്തുകയും ബിജെപി പതാക വീശിയും മോദിയെ വരവേറ്റു. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. മെയ് 10ന് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും, മെയ് 13നാണ് വോട്ടെണ്ണൽ.
'മോദി രാഹുലിനെ കണ്ട് പഠിക്കട്ടെ': പ്രതിപക്ഷം തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. താൻ പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ടെന്നും അവരൊക്കെ രാജ്യത്തിന് വേണ്ടി ജീവിച്ച് മരിച്ചവരാണെന്നും എന്നാൽ ജനങ്ങളുടെ മുന്നിൽ വന്ന് തന്നെ അപമാനിക്കുന്നുവെന്ന് കരയുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിയെന്നും പ്രിയങ്ക പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിന്‍റെ പ്രചരണാർഥം ബാഗൽകോട്ട് ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി വാദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദിയെ ‘വിഷപ്പാമ്പ്’ എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നരേന്ദ്ര മോദി തനിക്ക് നേരെ നടന്ന വ്യക്തിപരമായ ആക്രമണങ്ങളുടെ എണ്ണം എടുത്ത് സംസാരിച്ചത്.