ചെന്നൈ: മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെയും അനന്തരാവകാശികൾ നടത്തുന്ന ചർച്ചകളിൽ ഗോഡ്‌സെയുടെ പിൻഗാമികൾക്ക് കയ്പ്പ് മാത്രമേ ഉണ്ടാകൂവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് വിറയൽ സൃഷ്‌ടിക്കുകയാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്‌ട്രീയമോ കക്ഷി രാഷ്‌ട്രീയമോ അല്ല, പ്രത്യയശാസ്‌ത്രത്തിന്‍റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്.
അതുകൊണ്ടാണ് അദ്ദേഹത്തെ ചില വ്യക്തികൾ ശക്തമായി എതിർക്കുന്നത്. അദ്ദേഹത്തിന്‍റെ സംഭാഷണങ്ങൾ ചിലപ്പോൾ നെഹ്‌റുവിനെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ രചിച്ച ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള 'മമനിതാർ നെഹ്‌റു' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. ഇന്നലെ ചെന്നൈയിലെ കലൈവാണർ അരങ്ങം ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം, ടിഎൻസിസി പ്രസിഡന്‍റ് കെഎസ് അഴഗിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ പ്രതീകമായിരുന്ന നെഹ്‌റു യഥാർഥ ജനാധിപത്യവാദിയായിരുന്നു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്. പല പെതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴും നമ്മൾ നെഹ്‌റുവിനെ ഓർക്കുന്നു. ഗോപണ്ണയുടെ പുസ്‌തകം പ്രകാശനം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും സ്‌റ്റാലിൻ ചടങ്ങിൽ പറഞ്ഞു.
ഭാവി ഉന്ത്യയ്‌ക്കുള്ള മാനുവൽ: ഇത് ജവഹർലാൽ നെഹ്‌റുവിന്‍റെ മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രം കൂടിയാണ്. മറ്റൊരു വിധത്തിൽ ഭാവി ഇന്ത്യ എങ്ങനെ പ്രവർത്തിക്കണം എന്നതിന്‍റെ ഒരു മാനുവൽ കൂടിയാണ് ഈ പുസ്‌തകമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2006 മുതൽ 2016 വരെയുള്ള മുൻ പ്രധാനമന്ത്രി നെഹ്‌റുവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് 2018 ൽ ഈ പുസ്‌തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിന് പുറകെയാണ് ഇപ്പോൾ തമിഴിൽ പ്രസിദ്ധീകരിച്ചത്.
നെഹ്‌റു ശുദ്ധനായിരുന്നു. നെഹ്‌റു തന്‍റെ രാഷ്‌ട്രീയ പിൻഗാമിയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. നെഹ്‌റു അത്തരമൊരു ഗാന്ധിയൻ തന്നെ ആയിരുന്നു. രാഷ്‌ട്രം നെഹ്‌റുവിന്‍റെ കൈകളിൽ സുരക്ഷിതമാണെന്ന് ഗാന്ധിജി പറഞ്ഞതായി അദ്ദേഹം പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ മാത്രമല്ല ഇന്ത്യയുടെ ശബ്‌ദവും പ്രതിധ്വനിച്ചത് നെഹ്‌റുവിലൂടെയാണെന്ന് സ്‌റ്റാലിൻ പറഞ്ഞു.
രാജ്യം നെഹ്‌റുവിന്‍റെ കൈകളിൽ സുരക്ഷിതം: ഒരു ഭാഷ, ഒരു വിശ്വാസം, ഒരു മതം, ഒരു സംസ്‌കാരം, ഒരു നിയമം എന്നിവയ്‌ക്ക് നെഹ്‌റു എതിരായിരുന്നു. വർഗീയതയും ദേശീയതയും ഒരുമിച്ച് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മതേതര ശക്തികൾ അദ്ദേഹത്തെ വാഴ്ത്തുന്നത്. മഹാത്മാഗാന്ധി തന്നെ നെഹ്‌റുവിനെ പുകഴ്‌ത്തുകയും നെഹ്‌റുവിന്‍റെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പറയുകയും ചെയ്‌തിരുന്നതായി അദ്ദേഹം പറഞ്ഞു.
ഹിന്ദി സംസാരിക്കാത്ത ആളുകൾക്ക് ആവശ്യമില്ലെങ്കിൽ ഹിന്ദി അടിച്ചേൽപ്പിക്കില്ലെന്ന് വാഗ്‌ദാനം ചെയ്‌തത് പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റു തന്‍റെ ജീവിതകാലത്ത് 11 തവണ മാത്രമാണ് തമിഴ്‌നാട്ടിൽ വന്നത്. പക്ഷേ, അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യം നമുക്ക് നെഹ്‌റുവിന്‍റെ യഥാർഥ മൂല്യം കാണിച്ചുതരുന്നു. തമിഴ്‌നാടിന് പെരിയാർ (ഇവിആർ), അണ്ണാ (സിഎൻ അണ്ണാദുരൈ), കലൈഞ്‌ജർ (എം കരുണാനിധി) എന്നിവരെ ആവശ്യമുള്ളതുപോലെ, ഫെഡറലിസവും സമത്വവും മതേതരത്വവും സ്ഥാപിക്കാൻ ഇന്ത്യയ്‌ക്ക് ഗാന്ധിയും നെഹ്‌റുവും ആവശ്യമാണെന്നും സ്‌റ്റാലിൻ പറഞ്ഞു.