ചെന്നൈ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമഴകത്ത് അധികാരം പിടിച്ച് ഡി.എം.കെ. സ്റ്റാലിൻ നയിച്ച ഡിഎംകെ സഖ്യം 10 വർഷം പ്രതിപക്ഷത്തായിരുന്നു. അന്തരിച്ച മുൻമുഖ്യമന്ത്രി കലൈഞ്ജർ എം കരുണാനിധിയുടെ മകന്‍റെ നേതൃത്വത്തില്‍ ഡിഎംകെ കടുത്ത പോരാട്ടത്തിനൊടുവിലാണ് എഐഎഡിഎംകെയെ ഭരണത്തില്‍ നിന്നിറക്കിയത്.
എംജിആർ ഡിഎംകെയെ പിളർത്തി എഐഡിഎംകെ രൂപീകരിച്ച് മുഖ്യമന്ത്രിയായ 1977 മുതൽ 1988 വരെയുള്ള കാലമാണ് ഇതിന് മുമ്പ് ഡിഎംകെക്ക് ഇത്രയധികം കാലം അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. 1967ൽ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി ഒരു കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നത് തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് മുഖ്യമന്ത്രി കസേരയിലും പ്രതിപക്ഷത്തുമായി ഡിഎംകെ ഉണ്ട്. എന്നാൽ, 2011ലെ കനത്ത തിരിച്ചടിക്ക് ശേഷം 2016ൽ തിരിച്ചുവരാമെന്ന കണക്കുകൂട്ടൽ ജയലളിത അസ്ഥാനത്താക്കി. അഞ്ചാണ്ടിനിപ്പുറം വീണ്ടും ഡിഎംകെ അധികാരത്തിലേറുമ്പോള്‍ കരുണാനിധിയും ജയലളിതയും ഇല്ല.
കരുണാനിധിയും സ്റ്റാലിനും ഒന്നിച്ച് നിയമസഭയിലിരുന്നിട്ടുണ്ട്. അതിനെ ഓർമിപ്പിച്ച് സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഒന്നിച്ച് ഇക്കുറി തമിഴ്നാട് നിയമസഭയിലേക്ക് വരുന്നു. കന്നിയങ്കത്തിനിറങ്ങിയ ചെപ്പോക്ക് മണ്ഡലത്തിൽ വെല്ലുവിളികൾ ഏതുമില്ലാതെയാണ് ഉദയനിധിയുടെ വിജയം. ഡിഎംകെയിൽ കലൈഞ്ജർ കുടുംബത്തിന്‍റെ അധികാരത്തുടര്‍ച്ച ഉറപ്പാക്കാൻ മകനെ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പറിച്ചുനട്ടതിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പിൽ, കൊളത്തൂരിൽനിന്ന് സ്റ്റാലിനും സെൻറ് ജോർജ് കോട്ടയുടെ പടി കടന്നെത്തുകയാണ്.
2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പളനിസാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ സഖ്യം 39 സീറ്റിൽ ഒന്നിൽ മാത്രമാണ് വിജയിച്ചത്. ഇതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പൂർണമായും തകർന്നടിയുമെന്ന വിലയിരുത്തലുകളുണ്ടായി. എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്റ്റാലിനൊപ്പമായിരുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിനെ പളനിസാമി സ്വപക്ഷത്താക്കി.
ഇതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് ശക്തമായ മത്സരം നേരിടേണ്ടി വന്നതിന് കാരണവും.അതേസമയം ബിജെപിയുമായി ഉണ്ടാക്കിയ നിർബന്ധിത സഖ്യമാണ് തിരിച്ചടിയായതെന്ന് പല എഐഎഡിഎംകെ നേതാക്കളും കരുതുന്നു.