ചെന്നൈ: തമിഴ് വംശജരെ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ താക്കീതുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴർ എന്ന നിലയിൽ സംസ്ഥാനത്തെ ജനങ്ങളെല്ലാവരും ഐക്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഫ്‌താർ ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതിയും മതവുമെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. പക്ഷെ തമിഴർ എന്ന നിലയിൽ നാമെല്ലാവരും ഒരുമിക്കണം. ചിലർ തമിഴരെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുകയാണ്.
അതിലൂടെ തമിഴ് വംശത്തെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് അവർ വിശ്വസിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് നമ്മുടെ വളർച്ചയെ തടയാനാണ് അത്തരക്കാർ ശ്രമിക്കുന്നത്. അതിന് തമിഴ് സമൂഹം ഇരയാകരുതെന്നും ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢലക്ഷ്യം എല്ലാവരും തിരിച്ചറിയണമെന്നും സ്റ്റാലിൻ പറഞ്ഞു.
സർവതോന്മുഖമായ സമാധാനം മാത്രമേ എല്ലാവിധ പുരോഗതിയിലേക്കും നയിക്കൂ. അധികാരത്തിൽ വന്ന് 11 മാസത്തിനുള്ളിൽ അത്തരമൊരു വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം തന്‍റെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടാണ് എല്ലാവരും ഉൾക്കൊള്ളുന്ന ദ്രാവിഡ മാതൃക തമിഴ്‌നാടിനെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുമെന്ന് താൻ ഊന്നി പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തെ മുസ്ലീങ്ങൾക്കായി നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളും അദ്ദേഹം പട്ടികപ്പെടുത്തി. വിവാദകരമായ പൗരത്വ (ഭേദഗതി) നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹം അനുസ്‌മരിച്ചു.