ന്യൂഡല്‍ഹി : മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തീയതി മാറ്റി. ഡിസംബര്‍ 4 നാണ് മിസോറാമില്‍ വോട്ടെണ്ണല്‍ നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു (Mizoram Assembly elections result on December 4). വോട്ടെണ്ണല്‍ ദിവസം മാറ്റണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിവേദനം ലഭിച്ച സാഹചര്യത്തിലാണ് തീയതി മാറ്റം (EC reschedules vote counting for Mizoram Assembly elections to December 4).
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കുമൊപ്പം ഡിസംബര്‍ 3 ഞായറാഴ്‌ച വോട്ടെണ്ണല്‍ നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത് (Mizoram Assembly elections result). മിസോറാമിലെ ഭൂരിഭാഗം ജനങ്ങളും ക്രൈസ്‌തവ വിശ്വാസികളാണെന്നും ഞാറാഴ്‌ച വിശ്വാസികള്‍ക്ക് വിശേഷപ്പെട്ട ദിവസമാണെന്നും ചൂണ്ടിക്കാട്ടിയാണ് വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യവുമായി മിസോറാം എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ രംഗത്ത് വന്നത്.
'2023 ഡിസംബര്‍ 3 ഞായറാഴ്‌ച മിസോറാമിലെ ജനങ്ങള്‍ക്ക് വിശേഷ ദിവസമായതിനാല്‍ വോട്ടെണ്ണല്‍ തീയതി മറ്റൊരു ദിവസത്തിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് കമ്മിഷന് നിരവധി നിവേദനങ്ങള്‍ ലഭിച്ചു. ഇത് പരിഗണിച്ച് മിസോറാം നിയമസഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 2023 ഡിസംബര്‍ 3ല്‍ നിന്ന് 2023 ഡിസംബര്‍ 4 തിങ്കളാഴ്‌ചയിലേക്ക് മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നു' -ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.
നവംബര്‍ 7നാണ് 40 അംഗ മിസോറാം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്‌മെന്‍റ് (ZPM), കോണ്‍ഗ്രസ്, ബിജെപി എന്നിവരായിരുന്നു മത്സര രംഗത്ത്. 80.66 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.