ബോളിവുഡിലും ബംഗാളി സിനിമയിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മിഥുൻ ചക്രബർത്തി. എൺപതുകളിലെ സൂപ്പർ സ്റ്റാറായിരുന്ന മിഥുൻ ചക്രബർത്തിക്ക് ഉയർച്ചയിലേക്കും പ്രശസ്‌തിയിലേക്കും എത്തുന്നതിന് മുൻപ് ഒരു കാലമുണ്ടായിരുന്നു. തിരസ്‌കരണങ്ങളുടേയും പോരാട്ടങ്ങളുടേയും കാലം. അന്ന് ജീവിതം അവസാനിപ്പിക്കാൻ പോലും തീരുമാനിച്ചിരുന്ന അദ്ദേഹം പിന്നീട് ഫീനിക്‌സ് പക്ഷിയെ പോലെ ഉയർച്ചയുടെ പടവുകൾ വെട്ടിപ്പിടിക്കുകയായിരുന്നു.
1979ലെ ഹിറ്റ് ചിത്രം സുരക്ഷ ആണ് മിഥുന് താരപരിവേഷം നേടിക്കൊടുത്തത്. പിന്നീട് ഹിന്ദി സിനിമയിലെ ആദ്യ ഡാൻസിങ് സ്റ്റാറായി അദ്ദേഹം മാറി. ഡിസ്‌കോ ഡാൻസർ, സഹാസ്, വാർദാത്, വാണ്ടഡ്, ബോക്‌സർ, പ്യാർ ജുക്താ നഹിൻ, പ്യാരി ബെഹ്ന, അവിനാഷ്, ഡാൻസ് ഡാൻസ്, പ്രേം പ്രതിജ്ഞ, മുജ്രിം, യുഗന്ദർ, ദി ഡോൺ, ജല്ലാദ്, അഗ്നിപത് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. മൃഗയ (1976), തഹാദർ കഥ (1992), സ്വാമി വിവേകാനന്ദൻ (1998) എന്നീ ചിത്രങ്ങളിലൂടെ മൂന്ന് ദേശീയ അവാർഡുകളും കൈപ്പിടിയിലൊതുക്കി.
എന്നാൽ ഈ നേട്ടങ്ങൾക്കെല്ലാം മുൻപ് വളരെ പ്രയാസമേറിയ കാലമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തന്‍റെ ലക്ഷ്യങ്ങളിലേക്ക് എപ്പോഴെങ്കിലും എത്തിപ്പെടാൻ സാധിക്കുമോ എന്ന് സംശയിച്ചിരുന്നൊരു കാലം. കൊൽക്കത്തയിലേക്ക് മടങ്ങിപ്പോകുന്നത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന സമയത്ത് ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
വളർന്നുവരുന്ന കലാകാരന്മാരെ നിരാശപ്പെടുത്തുന്നതിനാൽ താൻ അനുഭവിച്ച കഷ്‌ടപ്പാടുകളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നും താൻ വിട്ടുനിൽക്കുമെന്ന് മിഥുൻ പറയുന്നു.
"എന്നാൽ ഒരിക്കലും പരിശ്രമിക്കാതെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. ഞാൻ ഒരു പോരാളിയായാണ് ജനിച്ചത്. അതിനാൽ തോൽക്കുന്നത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ എവിടെ എത്തിയെന്ന് നോക്കൂ…" മിഥുൻ ചക്രബർത്തി കൂട്ടിച്ചേർത്തു.
ദി കശ്‌മീർ ഫയൽസ് ആണ് നടന്‍റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അടുത്തതായി ബംഗാളി ചിത്രമായ പ്രൊജാപൊതിയിലും സണ്ണി ഡിയോളിനൊപ്പം ഹിന്ദി ചിത്രം ബാപ്പിലും വേഷമിടും.