ന്യൂഡൽഹി: സ്റ്റിറോയിഡുകളുടെ ദുരുപയോഗം ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂകോർമിക്കോസിസ് എന്ന മാരകമായ ഫംഗസ് രോഗം ബാധിക്കാൻ ഇടയാക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്ത് വർധിച്ചികൊണ്ടിരിക്കുന്ന കൊവിഡ് കേസുകളിൽ ഫംഗസ്, ബാക്ടീരിയ എന്നിവയുടെ സാനിധ്യം മരണ സംഖ്യ ഉയർത്താൻ കാരണമാകുന്നുണ്ട്. അതിനാൽ രാജ്യത്തെ എല്ലാ ആശുപത്രികളും അണുബാധ നിയന്ത്രണ രീതികളുടെ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്നും ഗുലേറിയ പറഞ്ഞു. മ്യൂകോർമിക്കോസിസ് ഫംഗസുകൾ മണ്ണിലും വായുവിലും ഭക്ഷണത്തിലും പോലും കാണപ്പെടും. എന്നാൽ അധികമായി വ്യാപിക്കില്ലായിരുന്നു. കൊവിഡിന് മുമ്പായി മ്യൂകോർമിക്കോസിസ് കേസുകൾ വളരെ കുറച്ച് മാത്രമേ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അവ ധാരാളം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയിംസിൽ മ്യൂകോർമിക്കോസിസ് ബാധിച്ച് 23 രോഗികൾ ചികിത്സയിലാണ്. അതിൽ 20 പേരും കൊവിഡ് പോസിറ്റീവ് ആണ്. പല സംസ്ഥാനങ്ങളിലും 500ൽ അധികം മ്യൂകോർമിക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു. മ്യൂകോർമിക്കോസിസ് എന്ന മാരകമായ ഫംഗസ് മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെ ബാധിക്കും. ഇവ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകുമെന്നും ശ്വാസകോശത്തിലേക്ക് വ്യാപിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
Also read: കൊവിഡിന് പിന്നാലെ മ്യൂകോര്‍മൈക്കോസിസ്; മഹാരാഷ്ട്രയിൽ 52 മരണം
ആശുപത്രികളിൽ സ്റ്റിറോയിഡുകളുടെ അനാവശ്യമായ ഉപയോഗം ഈ ഫംഗസ് ബാധയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണമാണ്. പ്രമേഹ രോഗികളിലും കൊവിഡ് പോസിറ്റീവ് രോഗികളിലും സ്റ്റിറോയിഡുകൾ എടുക്കുന്നവരിലും ഫംഗസ് അണുബാധയുടെ സാധ്യത വർദ്ധിക്കുന്നുണ്ട്. ഇത് തടയാനായി ആശുപത്രികൾ സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ കൂട്ടിച്ചേർത്തു.
Also read: ബ്ലാക്ക് ഫംഗസ് : ഒഡിഷയിൽ സാഹചര്യം വിലയിരുത്താൻ ഏഴംഗ സമിതി
കഴിഞ്ഞ ദിവസം ഹരിയാന സർക്കാർ മ്യൂകോർമിക്കോസിസിനെ ഒരു മാരക രോഗമായി പ്രഖ്യാപിക്കുകയും സംസ്ഥാനത്ത് ഇത്തരം കേസുകൾ നിരീക്ഷിക്കാൻ ഒഡിഷ സർക്കാർ ഏഴ് അംഗ സംസ്ഥാനതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. മെയ് 12 ന് മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് പേർ മ്യൂകോർമിക്കോസിസ് ഫംഗസ് ബാധമൂലം മരിച്ചു.