ചിറ്റൂർ (ആന്ധ്രാപ്രദേശ്) : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ നാല് വയസുകാരിയെ സമീപത്തെ കാട്ടിൽ സുരക്ഷിതമായി കണ്ടെത്തി. ചിറ്റൂർ ജില്ലയിലെ നക്കലഗുണ്ട വില്ലേജ് സ്വദേശികളായ മണിയുടേയും കവിതയുടേയും മകൾ ജോഷികയെയാണ് കാണാതായി 36 മണിക്കൂറിന് ശേഷം കാട്ടിൽ നിന്ന് തിരികെ കിട്ടിയത്. ശനിയാഴ്‌ച വൈകിട്ടാണ് കുട്ടിയെ കാണാതായത്.
പരിസരത്തെല്ലാം തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്‌പി റിഷാന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പലമനേരു ഡിഎസ്‌പി ഗംഗയ്യയും സംഘവും രാത്രി മുഴുവൻ തിരച്ചിൽ നടത്തി. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സമീപത്തെ നാല് അഗ്നികുണ്ഠങ്ങള്‍ അണച്ചും പരിശോധിച്ചു.
തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് വനമേഖലയിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. സൂര്യാഘാതമേറ്റ് തളർന്ന നിലയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൈയിലും കാലിലും മുള്ളുകൾ തറച്ചിട്ടുണ്ടെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും സിഐ ശ്രീധർ അറിയിച്ചു.