അമൃത്‌സര്‍: പട്ടാപ്പകല്‍ വീടിലേക്ക് അതിക്രമിച്ചു കയറി യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. അമൃത്‌സറിലെ സത്യാലയിലാണ് അക്രമി യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം ഇങ്ങനെ: ശനിയാഴ്‌ച (11.11.2023) പകല്‍ അമര്‍ജിത് സത്യാലയിലേക്ക് ഒരാള്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവും കൂടാതെ കയ്യില്‍ കരുതിയിരുന്ന പിസ്‌റ്റള്‍ കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് അമര്‍ജിത് സത്യാലയുടെ ഭാര്യ പരംജിത് കൗര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് യുവതിയെ ഉടന്‍ തന്നെ സമീപത്തുള്ള ബാബ ബക്കാല സിവില്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വൈകാതെ തന്നെ ആശുപത്രി അധികൃതര്‍ യുവതി മരിച്ചതായി അറിയിക്കുകയായിരുന്നു.
പിസ്‌റ്റള്‍ കണ്ടെടുത്ത് പൊലീസ്: വിവരമറിഞ്ഞ് അമൃത്‌സര്‍ റൂറൽ പൊലീസ് സംഭവസ്ഥലത്തെത്തി. സംഘം വീട്ടിനകത്ത് നിന്നും അക്രമി ഉപയോഗിച്ച പിസ്‌റ്റൾ കണ്ടെടുത്തു. ഇത് പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാല്‍ യുവതിയുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മാത്രമല്ല സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചു. അടുത്തിടെയായി അമൃത്‌സറില്‍ തുടർച്ചയായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. കഴിഞ്ഞദിവസം റിസോർട്ടിൽ പൊലീസും അക്രമികളും തമ്മില്‍ വെടിയുതിർത്ത സംഭവവും അരങ്ങേറിയിരുന്നു. ഇതിന് പുറമെ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവവും അമൃത്‌സറിനെ ഞെട്ടിച്ചിരുന്നു.