ബിര്‍കൂര്‍ (തെലങ്കാന) : മദ്യലഹരിയില്‍ ഏഴുവയസുകാരിയെ കത്തിക്കൊണ്ടിരുന്ന വൈക്കോല്‍ കൂനയിലേക്ക് തള്ളിയിട്ട് പിതാവ് (minor girl pushed into fire by drunken father). തെലങ്കാന കാമറെഡ്ഡി ജില്ലയിലെ ബിര്‍കൂരില്‍ ഇന്നലെ (ഡിസംബര്‍ 31) ആണ് സംഭവം. അയല്‍വാസി ഉടന്‍ കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും കൈകളിലും കാലുകളിലും പൊള്ളലേറ്റിട്ടുണ്ട്.
ബിര്‍കൂരിലെ ബാരന്‍ഗെദ്‌നി ഗ്രാമത്തിലെ ദേശായിപേട്ട് സൈലുവാണ് മൂത്ത മകള്‍ അങ്കിതയെ തീയിലേക്ക് തള്ളിയിട്ടത്. അയല്‍വാസിയായ ഗോട്ടാല ഗംഗാധര്‍ തന്‍റെ കൃഷിയിടത്തില്‍ സൂക്ഷിച്ചിരുന്ന വൈക്കോല്‍ കൂനയ്‌ക്ക് അങ്കിത തീയിട്ടു എന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. വൈക്കോല്‍ കൂന കത്തുന്നതുകണ്ട ഗംഗാധര്‍ സൈലുവിന്‍റെ വീട്ടിലെത്തി പരാതിപ്പെടുകയായിരുന്നു.
പിന്നാലെ സൈലു മകള്‍ അങ്കിതയോട് ദേഷ്യപ്പെട്ടു. സഹോദരി മഹിതയുമൊത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അങ്കിതയെ സൈലു ഗംഗാധറിന്‍റെ കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു. ശേഷം കത്തിക്കൊണ്ടിരുന്ന വൈക്കോല്‍ കൂനയിലേക്ക് തള്ളിയിടുകയായിരുന്നു (7 year old girl pushed into fire by drunken father Telangana). സംഭവ സമയം സൈലു മദ്യലഹരിയിലായിരുന്നു.
കരച്ചില്‍ കേട്ട് ഗംഗാധര്‍ കൃഷിയിടത്തിലെത്തിയപ്പോഴാണ് കുട്ടി തീയില്‍ അകപ്പെട്ടത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ കുട്ടിയെ രക്ഷപ്പെടുത്തി. പക്ഷേ കുട്ടിയുടെ കൈകളിലും കാലുകളിലും ആഴത്തില്‍ പൊള്ളലേറ്റിരുന്നു.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്‍സുവാഡ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അങ്കിത. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് മഹാരാഷ്‌ട്രയില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ പിതാവിനെ പൊലീസ് പിടികൂടിയത്. പൂനെയിലായിരുന്നു സംഭവം. സംഭവ ശേഷം ഒളിവില്‍ പോയ പിതാവിനെ ഷിർദി സായി ബാബ ക്ഷേത്ര പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മുതൽ ഇയാൾ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നതായാണ് വിവരം. മകൾ ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്മ വാൻവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നവംബർ 10ന് ലഭിച്ച പരാതിയിൽ വാൻവാഡി പൊലീസ് പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തെ തെരച്ചിലിന് ഒടുവിലാണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാൻ, ഗുജറാത്ത്, ബെംഗളൂരു എന്നിവിടങ്ങളിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു ഇയാൾ. പിന്നീട് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയ പ്രതി ഷിർദി സായി ബാബ ക്ഷേത്ര സമുച്ചയത്തിൽ അഭയം തേടി. ഡിസംബർ 26 മുതൽ സായി ഉദ്യാനിലെ കെട്ടിടത്തിൽ ലോക്കർ വാടകയ്‌ക്കെടുത്ത ഇയാൾ ബാഗും ഫോണും ലോക്കറിൽ വച്ചിരുന്നു.
Also Read: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാൾ മുറി ഒഴിയുകയോ ലോക്കറിൽ നിന്ന് സാധനങ്ങൾ എടുക്കുകയോ ചെയ്യാതിരുന്നതോടെ സംശയം തോന്നിയ ക്ഷേത്ര അധികൃതര്‍ ലോക്കർ കുത്തിത്തുറക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുക്കുകയും ഭാര്യയുടെ ഫോൺ നമ്പർ കണ്ടെത്തി സംഭവത്തെക്കുറിച്ച് അറിയിക്കുകയും ചെയ്‌തു. തുടർന്ന് സായി ബാബ സൻസ്ഥാൻ ഉദ്യോഗസ്ഥർ ഷിർദി പൊലീസിൽ വിവരമറിയിക്കുകയും അവർ വാൻവാഡി പൊലീസുമായി ബന്ധപ്പെടുകയും ചെയ്‌തു. പിന്നീട് ക്ഷേത്രം അധികാരികൾ പ്രതിയെ പൊലീസിന് കൈമാറി.