ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നില്‍ പകല്‍ സമയത്തായിരുന്നു പീഡനം. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് നിർത്തിയിട്ട ആഢംബര കാറില്‍ കയറ്റിയായിരുന്നു പീഡനം.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തെലങ്കാനയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളാണ് കേസിലെ പ്രതികളെന്ന് ബിജെപി ആരോപിച്ചു. മെയ് 31നാണ് 17 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി കൊടുക്കുന്നത്. പെണ്‍കുട്ടി വലിയ മാനസിക ആഘാതത്തിലാണെന്നും പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാവാം ഇതെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍ പെണ്‍കുട്ടിക്ക് സാധിക്കുന്നില്ലെന്നും അച്ഛന്‍റെ പരാതിയില്‍ പറയുന്നു.
ഈ പരാതിയുടെ പശ്ചാത്തലത്തില്‍ പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിരുന്നെന്ന് ഹൈദരാബാദ് പൊലീസ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയെല്‍ ഡെവിസ് ഇന്നലെ (3.06.2022) വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്‍കുന്ന സർക്കാർ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിന് ശേഷം പൊലീസ് ഐപിസി 376 ഡി അനുസരിച്ച്( കൂട്ട ബലാത്സംഗം) കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഉന്നതരുടെ മക്കൾ: പ്രതികളെ പെണ്‍കുട്ടിക്ക് മുന്‍ പരിചയമില്ലാത്തത് കൊണ്ട് പേരോ മറ്റ് വിവരങ്ങളോ പൊലീസിന് നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം അഞ്ച് പേരെ തിരിച്ചറിഞ്ഞു. പൊലീസ് തിരിച്ചറിഞ്ഞ അഞ്ച് പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. 18 വയസുള്ള പ്രതിയെ പൊലീസ് വെള്ളിയാഴ്‌ച (03.06.2022) അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മറ്റ് പ്രതികളെ അടുത്ത 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയെല്‍ ഡെവിസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകത്ത ഒരു പ്രതിയെ രാത്രി സമയമായതിനാല്‍ അറസ്‌റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി രാഷ്ട്രീയ നേതാവിന്‍റെ മകനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ നിലവില്‍ ലഭ്യമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ മകന്‍ പ്രതിസ്ഥാനത്ത് ഇല്ല എന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
ബിജെപി പ്രതിഷേധം: അതിനിടെ സര്‍ക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ടിആര്‍എസ്സിന്‍റേയും എഐഎംഐഎമ്മിന്‍റേയും നേതാക്കളുടെ മക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ട് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസം നേരിടുകയാണെന്നും ബിജെപി ആരോപിച്ചു. പൊലീസ് അനാസ്ഥ ആരോപിച്ച് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റും തെലങ്കാന മന്ത്രിസഭയില്‍ അംഗവുമായ കെടി രാമറാവു സംഭവത്തില്‍ ട്വിറ്ററിലൂടെ നടുക്കം പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയോടും പൊലീസിനോടും വിഷയത്തില്‍ മുഖം നോക്കാതെയുള്ള നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ നടപടിയുണ്ടാകുമെന്ന് കെടി രാമറാവുവിന് ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെ തന്നെ ഉറപ്പു നല്‍കിയിട്ടുണ്ട്.