ഖോവൈ (ത്രിപുര): ഖോവൈ ജില്ലയിലെ കല്യാൺപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. കുമാർഘട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് കല്യാൺപൂരിലും ക്രൂരത റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൽ തപസ് ദേബ്‌നാഥ് എന്നയാളെ ബുധനാഴ്‌ച രാത്രി പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ആദിത്യദാസ്, രത്തൻ ദേബ്‌നാഥ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്‌ച രാത്രി രണ്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കളെയും പ്രതികൾ മർദിച്ച് അവശരാക്കി. തുടർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടിയെ പ്രദേശത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു.
ബുധനാഴ്‌ച രാവിലെ എങ്ങനെയോ വീട്ടിലെത്തിയ പെൺകുട്ടി കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ കല്യാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 341, 325, 392, 354, 376, 34, പോക്‌സോ വകുപ്പിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.