ന്യൂഡൽഹി : മുസ്ലിം പെണ്‍കുട്ടികൾക്ക് ഋതുമതിയായാൽ വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. മുസ്‌ലിം വ്യക്‌തി നിയമ പ്രകാരം പ്രായ പൂർത്തിയായില്ലെങ്കിലും പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാൻ സാധിക്കുമെന്നും അതിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വിവാഹം കഴിച്ച 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജസ്‌മീത് സിങ്ങിന്‍റേതാണ് നിരീക്ഷണം.
മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഈ വർഷം മാർച്ചിൽ വിവാഹിതരായ മുസ്‌ലിം ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹം നടക്കുമ്പോൾ പെണ്‍കുട്ടിക്ക് 15 വയസും അഞ്ച് മാസവുമായിരുന്നു പ്രായം. 25 വയസുകാരനായിരുന്നു യുവാവ്. വിവാഹത്തിന് പിന്നാലെ ഏപ്രിലിൽ പെണ്‍കുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് തിരികെ കൊണ്ടുവന്നിരുന്നു.
തുടർന്ന് ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ഭർത്താവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേത്തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.
പ്രായപൂർത്തി ആയോ എന്നത് ബാധകമല്ല : എന്നാൽ മുഹമ്മദൻ നിയമം അനുസരിച്ച് വിവാഹിതരാവുകയും പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്‌താൽ അത് ലൈംഗികാതിക്രമ കേസാകില്ലെന്നും പോക്‌സോ നിയമം ചുമത്താനാകില്ലെന്നും കോടതി വ്യക്‌തമാക്കുകയായിരുന്നു. പ്രായപൂർത്തി ആയോ എന്നത് ഇത്തരം കേസുകളിൽ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടി വിവാഹത്തിന് സ്വന്തം ഇഷ്‌ടപ്രകാരം തയാറായതൊണെങ്കിൽ ദമ്പതികളെ വേർപെടുത്താൻ ഭരണകൂടത്തിനോ പൊലീസിനോ എന്നല്ല ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് സിംഗ് പറഞ്ഞു. വിവാഹ ശേഷമുള്ള ലൈംഗിക ബന്ധത്തിന്‍റെ പേരിൽ ഭർത്താവിനെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഈ കേസിൽ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലൈംഗിക ബന്ധം വിവാഹ ശേഷം : മുസ്ലിം നിയമപ്രകാരവും പതിനെട്ട് വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. എന്നാൽ ഈ കേസിൽ സാഹചര്യം വൃത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷമാണ് ഇരുവരും പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. നിലവിൽ ഇരുവരും വേർപിരിഞ്ഞാൽ അത് ഗർഭസ്ഥ ശിശുവിന് കൂടുതൽ ആഘാതമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
കുടുംബത്തിന് വിമർശനം : അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന് കോടതിയുടെ വിമർശനം നേരിടേണ്ടി വന്നു. മാതാപിതാക്കൾ സ്ഥിരമായി മർദിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഒളിച്ചോടി വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പെൺകുട്ടിക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് നല്ല അനുഭവമല്ല ഉണ്ടായത്. അതിനാലാണ് സ്നേഹിച്ച യുവാവിനൊപ്പം പോയതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ ഭർത്താവിനൊപ്പം സന്തോഷത്തോടെയാണ് പെൺകുട്ടി കഴിയുന്നത്. ഇരുവരെയും തമ്മിൽ പിരിക്കുന്നത് വലിയ ആഘാതമാകും പെൺകുട്ടിയിൽ സൃഷ്‌ടിക്കുകയെന്നും കോടതി നീരീക്ഷിച്ചു. അതിനാൽ പെൺകുട്ടിക്കും ഭർത്താവിനും സുരക്ഷ ഒരുക്കാനും കോടതി പൊലീസിന് നിർദേശം നൽകി.