ലഖ്‌നൗ: പബ്‌ജി കളിക്കുന്നത് തടഞ്ഞതിന് 16കാരൻ അമ്മയെ വെടിവച്ച് കൊന്ന സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കുട്ടി. പൊലീസ് ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ 16കാരൻ പുറത്തുവിട്ടത്. അമ്മയെ കൊന്നതിന് ശേഷം മൃതദേഹം സംസ്‌കരിക്കാൻ സുഹൃത്തിന് 5000 രൂപ വാഗ്‌ദാനം ചെയ്‌തു. എന്നാൽ സഹായിക്കാൻ തയ്യാറാകാതിരുന്ന സുഹൃത്തിനെ 16കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ചൊവ്വാഴ്‌ചയാണ് (07.06.2022) കുട്ടി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത്.
കുട്ടിയുടെ മൊഴി:- അമ്മ എന്നെ ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചിരുന്നില്ല. എന്നെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഒരിക്കൽ എനിക്ക് വിഷം തന്ന് കൊല്ലുമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഞാൻ ഭയന്ന് അമ്മ ഉറങ്ങി കിടന്നപ്പോൾ അച്ഛന്‍റെ തോക്ക് എടുത്ത് അമ്മയുടെ തലയിൽ വെടി വയ്ക്കുകയായിരുന്നു എന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
എനിക്ക് ജയിലിൽ കിടക്കാൻ പേടി ഇല്ലെന്നും കുട്ടി പറഞ്ഞു. അച്ഛൻ അമ്മയെ കൊന്നിരുന്നെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു എന്ന് പൊലീസിന്‍റെ ചോദ്യത്തിന് അച്ഛനെ ഞാൻ കൊല്ലുമോ ഇല്ലയോ എന്ന് എനിക്കറിയില്ല ആ സാഹചര്യം അനുസരിച്ച് ഞാൻ തീരുമാനിക്കും എന്നായിരുന്നു കുട്ടിയുടെ മറുപടി. അമ്മയെ കൊന്ന ശേഷം മകൻ സൈനിക ഉദ്യോഗസ്ഥനായ പിതാവ് നവീൻ സിംഗിനെ വിളിച്ചു. ടെറസിലൂടെ ആരോ വന്ന് അമ്മയെ വെടിവച്ച് കൊന്നു എന്ന് പറഞ്ഞു. മകൻ 10000 രൂപ മോഷ്‌ടിച്ചതിനെ തുടർന്ന് ഞായറാഴ്‌ച (05.06.2022) പിതാവും 16കാരനും തമ്മിൽ തർക്കം ഉണ്ടായതായും പൊലീസ് പറഞ്ഞു.
ക്രൂരകൃത്യം നടന്നിട്ട് ഒരാഴ്ച: ശനിയാഴ്‌ചയാണ് (04.06.2022) മകൻ അമ്മയെ വധിച്ചത്. ചൊവ്വാഴ്‌ച(07.06.2022) രാത്രി പകുതി അഴുകിയ നിലയിലാണ് പൊലീസ് അമ്മയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകശേഷം മൃതദേഹം ഒരു മുറിയിൽ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധമകറ്റാൻ റൂം ഫ്രഷ്‌നർ ഉപയോഗിച്ചു. കൊലപാതകത്തെ കുറിച്ച് ആരോടും പറയരുതെന്ന് 9 വയസുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തുകയും മറ്റൊരു മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു.
ചൊവ്വാഴ്‌ച (07.06.2022) വൈകുന്നേരം ദുർഗന്ധം രൂക്ഷമായപ്പോൾ മകൻ പിതാവിനോട് വ്യാജകഥ മെനഞ്ഞ് അമ്മ മരിച്ചതായി അറിയിക്കുകയായിരുന്നു. പിതാവ് അയൽവാസികൾ വഴി പൊലീസിൽ വിവരം അറിയിച്ചുവെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Also read: പബ്ജി കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവച്ച് കൊന്നു