ഛത്തർപുർ: മധ്യപ്രദേശില്‍ ഗെയിം കളിച്ച് പണം നഷടപ്പെട്ടതിനെ തുടര്‍ന്ന് 13 കാരന്‍ ആത്‌മഹത്യ ചെയ്‌തു. ഛത്തർപൂർ ഡി.എസ്.പി ശശാങ്ക് ജെയിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 'ഫ്രീ ഫയർ' എന്ന ഓൺലൈൻ ഗെയിം കളിച്ചതിനെ തുടര്‍ന്ന് 40,000 രൂപയാണ് നഷ്ടപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത കുട്ടി കടുത്ത വിഷാദത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഛത്തർപൂർ ഡി.എസ്.പി പറഞ്ഞു. അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ഗെയിമിനായി കുട്ടി 40,000 രൂപ പിന്‍വലിച്ചത്. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
"അമ്മയും അച്ഛനും ദയവായി ക്ഷമിക്കുക. ഗെയിം കളിച്ചതിനെ തുടര്‍ന്ന് ധാരാളം പണം എനിക്ക് നഷ്ടപ്പെട്ടു. പണം കൈമാറാൻ എനിക്ക് വളരെയധികം സമ്മർദമുണ്ടായി. വിഷാദത്തിലായതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു.'' ഇങ്ങനെയാണ് കുറിപ്പിലുണ്ടായിരുന്നത്.
''കുട്ടികൾ മൊബൈൽ ഗെയിമുകൾ കളിക്കുന്നതു കണ്ടാല്‍ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ അവരെ ശകാരിക്കുന്നതിന് പകരം കുട്ടികളെ മാതാപിതാക്കൾ മനസിലാക്കണം. 13 കാരന്‍റെ ആത്മഹത്യയില്‍ അന്വേഷണം ഊര്‍ജതാമാക്കിയിട്ടുണ്ട്''. ഡി.എസ്.പി ശശാങ്ക് ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.