റായ്‌പൂർ: ചത്തീസ്‌ഗഢിന്‍റെ തലസ്ഥാനമായ റായ്‌പൂരിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ 14കാരൻ പിടിയിൽ. ഡിസംബർ 7ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഡിസംബർ 13ന് വീടിന് 500 മീറ്റർ അകലെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സിസിടിവിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അയൽവാസിയായ 14കാരൻ പിടിയിലായത്.
കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയ ശേഷം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തെത്തിച്ച് പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശേഷം ഈ വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായി ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയിട്ടും കൊലപാതകത്തിൽ പിന്നിൽ ആരാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് എസ്എസ്‌പി പ്രശാന്ത് അഗർവാളിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിയാണ് പ്രതിയെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതായ ദിവസം പെണ്‍കുട്ടി പ്രതിയോടൊപ്പം പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
പിന്നാലെ 14കാരനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ബന്ധുക്കളുടെ മൊബൈലിൽ നിന്ന് സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നും ഇതിന് പിന്നാലെയാണ് ബലാത്സംഗം നടത്തിയതെന്നും പ്രതി പൊലീസിനെ അറിയിച്ചു. പ്രതിയായ 14കാരന്‍റെ പിതാവും പോക്‌സോ കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
14കാരനെതിരെ 302 (കൊലപാതകം), 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് റായ്‌പൂർ പൊലീസ് അറിയിച്ചു. കൂടാതെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 201 (തെളിവ് നശിപ്പിക്കൽ), പോക്‌സോ എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്‌തമാക്കി. ഇതിനിടെ തെളിവെടുപ്പിനെത്തിച്ച പ്രതിയെ രോക്ഷാകുലരായ നാട്ടുകാർ ക്രൂരമായി മർദിക്കുകയും ചെയ്‌തിരുന്നു.