ന്യൂഡൽഹി: ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിച്ച് വെയിറ്റിങ് ലിസ്റ്റ് ഒഴിവാക്കാനൊരുങ്ങി റെയിൽവെ മന്ത്രാലയം. 2024 മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ റെയിൽ പദ്ധതിയനുസരിച്ച് എല്ലാവർക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭ്യമാക്കുകയാണ് റെയിൽവെയുടെ ലക്ഷ്യം. ചരക്ക് കയറ്റവും വരുമാനവും വർധിപ്പിക്കാനും ഇന്ത്യൻ റെയിൽവെ ലക്ഷ്യമിടുന്നു.
രാജ്യത്തിന്‍റെ മൊത്തം ചരക്ക് നീക്കത്തിന്‍റെ 47 ശതമാനവും റെയിൽവെ വഴി ആക്കാനാണ് ശ്രമം. കൊവിഡിന് മുമ്പുള്ളത് പോലെ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. മുമ്പ് 1,768 ട്രെയിനുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇന്ന് 1,089 പാസഞ്ചർ ട്രെയിൻ സർവീസുകളാണ് ഉള്ളത്.