ഗാന്ധിനഗര്‍ : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി 'മിനി ആഫ്രിക്ക'. ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ആഫ്രിക്ക എങ്ങനെ വോട്ടുരേഖപ്പെടുത്തുമെന്ന് സംശയം തോന്നിയേക്കാം. പക്ഷേ പറഞ്ഞുവരുന്നത് ഇന്ത്യയിലുള്ള ആഫ്രിക്കയെ കുറിച്ചാണ്.
ഗുജറാത്തിലെ ജംബൂര്‍ ഗ്രാമത്തെയാണ് മിനി ആഫ്രിക്ക എന്ന് വിശേഷിപ്പിക്കുന്നത്. ജുനഗഡിൽ കോട്ട പണിയുന്ന കാലത്ത് ഇന്ത്യയിലെത്തിയ ആഫ്രിക്കക്കാരുടെ പിന്‍മുറക്കാരാണ് ജംബൂര്‍ ഗ്രാമത്തില്‍ ഉള്ളത്. ആദ്യം രത്തന്‍പൂര്‍ ഗ്രാമത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
പിന്നീട് ജംബൂരിലേക്ക് മാറിയ ഇവര്‍ക്ക് സര്‍ക്കാര്‍ സിദ്ധി ഗോത്ര പദവി നല്‍കി. പതിറ്റാണ്ടുകളായി ജംബൂരില്‍ താമസിക്കുന്ന ഇവര്‍ക്ക് ഇതാദ്യമായാണ് വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കുന്നത്. രണ്ട് ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ തങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തില്‍ ജംബൂര്‍ നിവാസികള്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി.
ആദ്യമായി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ സാധിച്ചതിന്‍റെ ആവേശത്തിലാണ് ഇന്ത്യയിലെ ഈ ആഫ്രിക്കന്‍ വംശജര്‍. പൂര്‍വികര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെങ്കിലും ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്നവരാണ് ജംബൂര്‍ നിവാസികള്‍. വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നന്ദി പറയുകയാണ് ഇവര്‍.