മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് മുംബൈയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക്‌ഡൗൺ ഉണ്ടായേക്കാമെന്ന ഭയത്തെ തുടർന്നാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്.
പ്രധാനമായും ബിഹാർ ,ജാർഖണ്ഡ്,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസം യുപിയിലേക്കുള്ള ലോകമാന്യ തിലക് എക്സ്‌പ്രസിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് 4,55,400 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിപ്പോയത്. മുംബൈയിൽ 24 മണിക്കൂറിൽ 56,286 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
24 മണിക്കൂറിൽ രാജ്യത്ത് 1,26,789 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 59,258 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,10,319 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്‌ട്ര ,ഛത്തീസ്‌ഗഡ്, കർണാടക, കേരളം , ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.