ന്യൂഡൽഹി: പോളിങ്ങിന് ശേഷം പശ്ചിമബംഗാളിൽ നടന്ന അതിക്രമങ്ങളിൽ തൃണമൂൽ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ തേടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരെ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നതെന്നാണ് ആരോപണം. ഹൂഗ്ലി ജില്ലയിൽ ബിജെപിയുടെ ഒരു പാർട്ടി ഓഫീസിന് കഴിഞ്ഞ ദിവസം തൃണമൂൽ പ്രവർത്തകർ തീയിട്ടിരുന്നു.
Read More: ബിജെപിയെ ഭരണത്തിലേറ്റാത്തതിന് ബംഗാള്‍ ജനതയോട് നന്ദി പറഞ്ഞ് കർഷക നേതാക്കൾ
സുവേന്ദു അധികാരി ഉൾപ്പെടെയുള്ള നേതാക്കളെ തൃണമൂൽ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. അതേസമയം തന്‍റെ അനുയായികളോട് സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മമത ബാനർജി അഭ്യർത്ഥിച്ചു. ബംഗാളിൽ 213 സീറ്റുകൾ നേടിയാണ് തൃണമൂൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 77 സീറ്റുകളിലാണ് ബിജെപി ജയിച്ചത്.