ന്യൂഡൽഹി: കൊവിഡ് ഒന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോൾ റൂം വഴി 13,034 കോളുകൾ കൈകാര്യം ചെയ്‌തതായി റിപ്പോട്ട്. 2020 മാർച്ച് 25 ഡിസംബർ 31നും ഇടയിൽ ഭക്ഷണവും പാർപ്പിടവുമായി ബന്ധപ്പെട്ട 11,377 കോളുകളും, അവശ്യ സാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് 854 കോളുകളും, വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് 129 കോളുകളും മറ്റ് വിഷയങ്ങളിൽ 742 കോളുകളും ലഭിച്ചു.
കൂടാതെ 2020 മെയ് 2 മുതൽ ഡിസംബർ 31വരെ ശ്രമിക് സ്‌പെഷ്യൽ ട്രെയിനിന്‍റെ വിവരം അറിയാനായി രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നായി 32,986 കോളുകൾ ലഭിച്ചു. ഇതിന് പുറമേ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് 296 കോളുകളും, ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകാനുള്ളവരുടെ 265 കോളുകളും ലഭിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തുടനീളം അവശ്യ വസ്‌തുക്കളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ അഡീഷണൽ/ജോയിന്‍റ് സെക്രട്ടറിമാരുടെ തലത്തിലുള്ള ഏരിയ ഓഫീസർമാരെ എംഎച്ച്എ നിയമിച്ചു. റേഷൻ, മരുന്നുകൾ, പലചരക്ക് സാധനങ്ങൾ, പാൽ, പച്ചക്കറികൾ എന്നിവയുടെ സേവനങ്ങളിലും, ഗതാഗതം, നിർമ്മാണം, വിതരണം എന്നിവയിലും തടസമില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, യുടി സർക്കാർ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.
2020 മാർച്ച് 21 മുതൽ ജോയിന്‍റ്/അഡീഷണൽ സെക്രട്ടറി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എംഎച്ച്എയിലെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ഹെൽപ്പ് ലൈനുകളുടെ എണ്ണം 7 ൽ നിന്ന് 66 ആയി ഉയർത്തി. അതിൽ 15 എണ്ണം വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്കായി മാത്രം മാറ്റിവെച്ചു.
കൂടാതെ ലോക്‌ഡൗണ്‍ നടപടികളെക്കുറിച്ചുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മറ്റ് മന്ത്രാലയങ്ങളുടെയും സംശയങ്ങളും പ്രശ്‌നങ്ങളും കൺട്രോൾ റൂം മുഖാന്തരം പരിഹരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.