കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന്‍റെ തുടരെത്തുടരെയുള്ള സംസ്ഥാനാന്തര യാത്രകള്‍ ദഹിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം വര്‍ഷത്തില്‍ 73 തവണയാണ് ആനന്ദബോസ് സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്തത്. ഓരോ വര്‍ഷവും ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് അനുവദനീയമായ യാത്രകളുടെ പരിധി ബംഗാള്‍ ഗവര്‍ണര്‍ ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.
യാത്രകളില്‍ മിതത്വം വേണം: സി.വി ആനന്ദബോസിന്‍റെ സംസ്ഥാനാന്തര യാത്രകളില്‍ മിതത്വം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവന് രേഖാമൂലം തന്നെ അറിയിപ്പ് നല്‍കി. ഇതാദ്യമായാണ് ബംഗാളില്‍ ഒരു ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന് പുറത്തുള്ള യാത്രകള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നത്. തിങ്കളാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കുറിപ്പ് രാജ് ഭവനിലെത്തിയത്.
കേരളത്തില്‍ പൂജ: ഈ വര്‍ഷം ആനന്ദബോസിന്‍റെ അനുവദനീയമായ യാത്രകളുടെ പരിധി അവസാനിച്ചതിനാല്‍ ഇനിയങ്ങോട്ട് ബംഗാളിന് പുറത്തു പോകുന്നതിന് അദ്ദേഹത്തിന് ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും. എല്ലാ മാസവും പന്ത്രണ്ടാം തിയതി കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആനന്ദബോസ് പൂജ നടത്തിക്കാറുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഗവര്‍ണറുടെ അടിക്കടിയുള്ള കേരള യാത്രയുടെ കാരണമിതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരള- ഡല്‍ഹി- കൊല്‍ക്കത്ത റൂട്ടിലും തിരിച്ചും പല തവണ യാത്ര ചെയ്തതിനു പുറമേ ബംഗാളിനകത്തും നിരന്തരം ആനന്ദ ബോസ് യാത്ര ചെയ്തിരുന്നു. ഗവര്‍ണറുടെ പെട്ടെന്നുള്ള യാത്രകള്‍ക്ക് എക്സ്പ്രസ് ബുക്കിങ്ങ് നടത്താന്‍ മാത്രം മൂന്ന് ട്രാവല്‍ ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറുടെ യാത്രകള്‍ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവും ആശങ്കയുണര്‍ത്തുന്നതാണ്.
ആദ്യം സിവില്‍ സർവീസ് പിന്നെ ഗവർണർ: 2022 നവംബർ 23 നാണ് സിവി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്. ആലപ്പുഴ ജില്ലയിലെ മാന്നാനത്ത് ജനിച്ച സിവി ആനന്ദബോസ് 1977 ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചത്. വിരമിച്ച ശേഷം സാമൂഹിക മണ്ഡലത്തില്‍ സജീവമായിരുന്ന സിവി ആനന്ദബോസിനെ ബംഗാൾ ഗവർണറായി നിയമിക്കുകയായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ആനന്ദബോസിന്‍റെ ഗവർണർ-മുഖ്യമന്ത്രി ഏറ്റുമുട്ടലുകളും വാർത്തകളില്‍ നിറഞ്ഞിരുന്നു.