ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 25 നഗരങ്ങളിലേക്ക് 2025ഓടെ മെട്രോ ട്രെയിൻ സർവീസ് വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യത്തെ മെട്രോ ആരംഭിച്ചത് അടൽ ബിഹാരി വാജ്പേയുടെ ശ്രമങ്ങളാലാണ്. 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അഞ്ച് നഗരങ്ങളിൽ മാത്രമേ മെട്രോ സർവീസുകൾ ഉണ്ടായിരുന്നുള്ളു. ഇന്ന് 18 നഗരങ്ങളിൽ മെട്രോ റെയിൽ സർവീസ് നടത്തുന്നുണ്ട്. മെട്രോ സർവീസുകളുടെ വ്യാപനത്തിന് മേക്ക് ഇൻ ഇന്ത്യ വളരെ പ്രധാനമാണ്. ഇത് ചെലവ് കുറയ്ക്കുകയും, ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ജനക്പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 37 കിലോമീറ്റർ പാതയിലാണ് ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്. ആറുമാസത്തിനകം ഡൽഹി മെട്രോയുടെ മജ്‌ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെ 57 കിലോമീറ്റർ വരുന്ന പിങ്ക് പാതയിലെ ട്രെയിനുകളും ഡ്രൈവറില്ലാതെ ഓടിത്തുടങ്ങും.