പലാമു (ജാർഖണ്ഡ്) : മരിച്ചവർക്ക് വേണ്ടി സ്‌കൂൾ വളപ്പിൽ സ്‌മാരകങ്ങൾ സ്ഥാപിച്ചതിനെ തുടർന്ന് സ്‌കൂൾ ഉപേക്ഷിച്ച് വിദ്യാർഥികൾ. പലാമു ജില്ലയിലെ ലെസ്ലീഗഞ്ച് ബ്ലോക്കിലെ ബൻസ്ദോഹർ ഗേൾസ് മിഡിൽ സ്‌കൂളിലാണ് മരിച്ചവർക്ക് വേണ്ടി കല്ലറകൾ സ്ഥാപിച്ചതിനെ തുടർന്ന് വിദ്യാർഥികൾ കൊഴിഞ്ഞുപോയത്. കുട്ടികള്‍ ഇല്ലാതെ വന്നതോടെ സ്‌കൂൾ അടച്ചുപൂട്ടി.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി കല്ലറകൾ സ്ഥാപിച്ചുവന്നതോടെ സ്‌കൂളിന് സെമിത്തേരിയുടെ രൂപമായിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. കല്ലറകൾ സ്ഥാപിക്കുന്നത് തങ്ങളുടെ പാരമ്പര്യമാണെന്നും തലമുറകളായി തുടർന്നുവരുന്ന ഒന്നാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ സെമിത്തേരിയുടെ രൂപമുള്ള സ്‌കൂളിൽ തുടർന്ന് പഠിക്കാൻ ബുദ്ധിമുട്ടായതിനാൽ 150 വിദ്യാർഥികള്‍ ഒന്നിനുപിറകെ ഒന്നായി മറ്റ് സ്‌കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു.
വിദ്യാർഥികൾ ഇല്ലാതെ വന്നതോടെ ബ്ലോക്ക് സമിതിയുടെ അനുമതിയോടെ 2018ൽ സ്‌കൂൾ അടച്ചുപൂട്ടി. എന്നാൽ വിദ്യാർഥികൾ സ്‌കൂളിൽ നിന്നും പോയത് കല്ലറകൾ മൂലമല്ലെന്നും അധ്യാപകരുടെ അനാസ്ഥ മൂലമാണെന്നും ഒരുവിഭാഗം നാട്ടുകാർ പറയുന്നു. സർക്കാർ ഭൂമിയിലാണ് സ്‌കൂൾ പണിതതെന്നും അതിനാലാണ് കല്ലറകൾ സ്ഥാപിച്ചതെന്നുമാണ് ഗ്രാമവാസികളുടെ പക്ഷം.
സ്‌കൂൾ കെട്ടിടം പണിയുന്നതിന് മുൻപുതന്നെ ഇവിടെ ചില കല്ലറകൾ പണിതിരുന്നതായി ഗ്രാമവാസിയായ രാംജൻ പാണ്ഡെ പറയുന്നു. സ്‌കൂളിന് മുന്നിൽ കല്ലറകൾ മാത്രമേ കാണാനാകൂ എന്നതാണ് അവസ്ഥ. അതിനെ തുടർന്ന് അധ്യാപകർ ഓരോരുത്തരായി സ്ഥലം മാറി പോകുകയും ഇതോടെ സ്‌കൂൾ അടച്ചുപൂട്ടുകയുമായിരുന്നുവെന്ന് രാംജൻ പാണ്ഡെ പറഞ്ഞു.
പാവപ്പെട്ട വീടുകളിലെ കുട്ടികളായിരുന്നു ഇവിടെ പഠിച്ചിരുന്നതെന്ന് ജാർഖണ്ഡ് സ്റ്റേറ്റ് പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ അംഗം അമ്രേഷ് സിങ് പറഞ്ഞു. കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുന്നതിനാൽ സ്കൂളിൽ ഇത്തരം സ്മാരകങ്ങൾ നിർമിച്ചത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു പരിതസ്ഥിതിയിൽ ഒരു അധ്യാപകനും പഠിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ ഉപേന്ദ്ര നാരായൺ പറഞ്ഞു.