ന്യൂഡൽഹി: വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് നേരിട്ട് കൈമാറാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനായ വിജയ് അഗർവാൾ അറിയിച്ചു. ഇമിഗ്രേഷൻ ആന്‍റ് പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 17, 23 പ്രകാരം മെഹുൽ ചോക്‌സിയെ ആന്‍റിഗ്വയിലേക്ക് മാത്രമേ കൈമാറാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ചോക്‌സിയെ ഇന്ത്യയിലേക്ക് നേരിട്ട് കൈമാറുന്നത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 9 പ്രകാരം മെഹുൽ ചോക്‌സി ആന്‍റിഗ്വയുടെ പൗരത്വം നേടിയ നിമിഷം മുതൽ അദ്ദേഹത്തിന്‍റെ ഇന്ത്യയിലെ പൗരത്വം അവസാനിച്ചു. അതിനാൽ നിയമപരമായി അദ്ദേഹത്തെ ആന്‍റിഗ്വയിലേക്ക് കൈമാറാമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഏത് അഭ്യർഥനയും തടയുന്നതിന് ആന്‍റിഗ്വൻ ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ അദ്ദേഹത്തെ അവിടേക്ക് തന്നെ തിരിച്ചയക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആന്‍റിഗ്വയുടെ അയൽരാജ്യം കൂടിയായ ഡൊമിനിക്കയിൽ നിന്ന് കണ്ടെത്തിയ ചോക്‌സിയെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുമെന്നും ഇന്ത്യൻ അധികൃതർക്ക് ഡൊമിനിക്കയിലുള്ളവരുമായി ബന്ധമുണ്ടെന്നും ആന്‍റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞിരുന്നു. ചോക്‌സിയെ തിരിച്ചയക്കാൻ ഡൊമിനിക്ക സമ്മതിച്ചുവെന്നും എന്നാൽ ആന്‍റിഗ്വ അവനെ തിരികെ സ്വീകരിക്കില്ലെന്നും ബ്രൗൺ വ്യക്തമാക്കി. ഒരു പൗരനെന്ന നിലയിൽ നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണമുള്ള ചോക്‌സിയെ ആന്‍റിഗ്വയിലേക്ക് തിരിച്ചയക്കരുതെന്ന് ഡൊമിനിക്കയുടെ പ്രധാനമന്ത്രി സ്‌കെറിറ്റിനോടും നിയമപാലകരോടും അഭ്യർഥിച്ചിട്ടുണ്ടെന്നും ബ്രൗൺ കൂട്ടിച്ചേർത്തു.
നിലവിൽ ചോക്‌സി ഡൊമിനിക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ (സിഐഡി) കസ്റ്റഡിയിലാണ്. ആന്‍റിഗ്വയിൽ താമസിച്ചിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് കാണാതായത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള അന്വേഷണങ്ങൾ ആന്‍റിഗ്വ ആരംഭിക്കുകയും ഇന്‍റർപോൾ യെല്ലോ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്നാണ് അയൽരാജ്യമായ ഡൊമിനിക്കയിൽ നിന്നും പിടികൂടിയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് വജ്രവ്യാപാരിയായ മെഹുൽ ചോക്‌സി. കേസിൽ അനന്തരവനായ നീരവ് മോദിയെയും അറസ്‌റ്റ് ചെയ്തിരുന്നു.
Also Read: കേസ് രജിസ്റ്റർ ചെയ്യും മുൻപ് രാജ്യം വിട്ടു; മെഹുൽ ചോക്‌സിക്കെതിരായ കേസ് പരിഗണിക്കരുതെന്ന് വാദം