ഹൈദരാബാദ് : ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ കെഎഎം സ്വകാര്യ ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം. പ്രസവ ശേഷം ഇന്‍ക്യുബേറ്ററിൽ പരിപാലിച്ചിരുന്ന കുഞ്ഞുങ്ങളാണ് ചൊവ്വാഴ്‌ച മരിച്ചത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആശുപത്രി അധികൃതര്‍ വേണ്ട ശ്രദ്ധ നൽകിയില്ലെന്നും കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് പറഞ്ഞ ശേഷം പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായാണ് അവര്‍ അറിയിച്ചത്.
രണ്ട് സ്‌ത്രീകള്‍ക്ക് ഒരേ ദിവസം ജനിച്ച ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.