ന്യൂഡല്‍ഹി: മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കുന്നത് രാജ്യത്ത് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവഴി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ കഴിയുമെന്നും നിരവധി അവസരങ്ങൾ അവർക്കായി തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇത്തരമൊരു കോഴ്‌സ് ഭോപ്പാലില്‍ ഉദ്‌ഘാടനം ചെയ്‌തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഹിന്ദി ഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്‍റെ അഭിലാഷ പദ്ധതിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസമാണ് തുടക്കമിട്ടത്. ഇതിന്‍റെ ഭാഗമായി എംബിബിഎസ് വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങൾക്കുള്ള ഹിന്ദി പാഠപുസ്‌തകങ്ങളും അദ്ദേഹം ഇന്ന് (16.10.2022) പുറത്തിറക്കിയിരുന്നു. ചരിത്രത്തിലെ സുപ്രധാനമായ ദിനമാണിതെന്ന് വിശേഷിപ്പിച്ച അമിത് ഷാ ഹിന്ദിയിൽ എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറിയെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.