ന്യൂഡൽഹി : റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരർക്കും വിദ്യാർഥികൾക്കും വേണ്ട സഹായം എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വിപുലീകരിച്ചതായി വിദേശകാര്യ മന്ത്രാലയം (MEA). നിലവിലെ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തതായും മന്ത്രാലയം വ്യക്തമാക്കി.
യുക്രൈൻ വ്യോമാതിർത്തി അടച്ചതിനാൽ മറ്റ് ഒഴിപ്പിക്കൽ മാർഗങ്ങൾ സജീവമാക്കുകയാണ്. റഷ്യൻ സംസാരിക്കുന്ന അധിക ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യൻ എംബസിയിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ഇവരെ യുക്രൈൻ അയൽ രാജ്യങ്ങളിലേക്കും വിന്യസിച്ചിട്ടുണ്ട്. എംബസി പ്രവർത്തനക്ഷമമാണെന്നും അവിടുന്നുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്നും യുക്രൈനിലെ ഇന്ത്യൻ പൗരരോട് സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടു.
READ MORE:യുക്രൈനെ ആക്രമിച്ച് റഷ്യ; ലോകരാജ്യങ്ങള്‍ തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ
അതേസമയം കീവിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ നിർദേശത്തിൽ പൗരരോട് സുരക്ഷിതസ്ഥലങ്ങളിൽ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലെ നിലവിലെ സാഹചര്യം തീർത്തും അനിശ്ചിതത്വത്തിലാണെന്നതിനാലാണ് നിർദേശം.
കൂടാതെ കീവിലേക്ക് യാത്ര ചെയ്യാതെ അതത് ഇടങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ നിലയുറപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ നിർദേശങ്ങൾ വരും മണിക്കൂറുകളിൽ നൽകുമെന്നും ഇതിനായി എംബസിയുടെ വെബ്‌സൈറ്റ്, ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം മുതലായവ പിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ നമ്പർ:
- +38 0997300483
- +38 0997300428
- +38 0933980327
- +38 0635917881
- +38 0935046170