ലഖ്‌നൗ: ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹുജൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മായാവതി. യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം ഉചിതമാണെന്നും കശ്മീർ വിഷയത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ യോഗത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മായാവതി പറഞ്ഞു.
ഏകദേശം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ചർച്ചയിൽ ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള തീരുമാനം കൈക്കൊള്ളാൻ സഹായകമാകുമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. അതേസമയം, ജമ്മു കശ്മീരിലെ നിയമസഭാ സീറ്റുകളുടെ അതിർത്തി നിർണയത്തിന്‍റെ നേരത്തെയുള്ള പൂർത്തീകരണവും പൊതുതെരഞ്ഞെടുപ്പും രാജ്യം ഉറ്റുനോക്കുന്ന വിഷയങ്ങളാണ്. സർക്കാർ നൽകിയ വാഗ്ദാനവും അവകാശവാദവുമനുസരിച്ച് ജമ്മു കശ്മീരിലെ സ്ഥിതി പഴയപടിയാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം ശക്തമാക്കണമെന്നും മായാവതി പറഞ്ഞു.
Read More: കശ്‌മീരിലെ രാഷ്‌ട്രീയ പാർട്ടികളുമായി പ്രധാനമന്ത്രിയുടെ യോഗം ജൂൺ 24ന്
2019 ഓഗസ്റ്റ് 5ന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ സർവ്വകക്ഷി യോഗത്തിൽ 14 നേതാക്കൾക്കാണ് ക്ഷണം ഉള്ളത്. ജൂൺ 24ന് വൈകിട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.