ന്യൂഡൽഹി : ടൗട്ടെയും യാസും ഉൾപ്പടെയുള്ള ചുഴലിക്കാറ്റുകൾ ഉണ്ടായ മെയ് മാസം ഇന്ത്യ കടന്നുപോയത് 121 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ 'മഴ മാസ'ത്തിലൂടെ. 107.9 മില്ലീമീറ്റർ മഴയാണ് മെയിൽ രാജ്യത്ത് ലഭിച്ചത്. ദീർഘകാല ശരാശരിയേക്കാൾ 74 ശതമാനം കൂടുതലാണിത്.
1990ന് ശേഷം ഇതാദ്യമായാണ് ഒരു മാസം ഇത്രയും അധികം മഴ ലഭിക്കുന്നത്. 110.മില്ലീമീറ്റർ ആണ് അന്ന് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
മെയ് മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയിലും വ്യതിയാനം പ്രകടമായി. ശരാശരി പരമാവധി താപനില 1901ന് ശേഷം ഏറ്റവും കുറഞ്ഞ നാലാമത്തെ നിരക്കിലാണ് എത്തിയത്. 34.18 ആയിരുന്നു മെയ് മാസത്തിലെ രാജ്യത്തെ ഉയർന്ന ശരാശരി താപനില.
Also Read:സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ സാനിറ്ററി നാപ്‌കിൻ ; പദ്ധതിയുമായി ത്രിപുര സർക്കാർ
അറേബ്യൻ കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ വ്യാപകമായ മഴയ്‌ക്ക് കാരണമായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തീരങ്ങളിൽ മഴയ്‌ക്ക് കാരണമായി.
രണ്ട് ചുഴലിക്കാറ്റുകള്‍ മൂലം പടിഞ്ഞാറൻ- കിഴക്കൻ തീരങ്ങളെ കൂടാതെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും മഴ ലഭിക്കാൻ കാരണമായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തി.