ന്യൂഡല്‍ഹി : വിവാഹിതയായിട്ടുള്ള സ്‌ത്രീകള്‍ക്ക് ലിവ് ഇന്‍ പങ്കാളിക്കെതിരെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. നിയമപരമായി പരസ്‌പരം വിവാഹിതരാകാന്‍ കഴിയാത്ത സ്‌ത്രീ പുരുഷന്മാരുടെ കാര്യത്തിലാണ് ജസ്റ്റിസ് സ്വരണ ശര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ചത്. ലിന്‍ ഇന്‍ പങ്കാളിയായ പുരുഷനെതിരെ നല്‍കിയ പരാതി റദ്ദാക്കി കൊണ്ടാണ് വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 21) ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
ഇത്തരം കേസുകളില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376 പ്രകാരം കുറ്റാരോപിതനെതിരെ നടപടിയെടുക്കാനാകില്ലെന്നും ജസ്റ്റിസ് സ്വരണ വ്യക്തമാക്കി. അതേസമയം വിവാഹിതരായ സ്‌ത്രീ പുരുഷന്മാര്‍ക്ക് ലിവ് ഇന്‍ ബന്ധം ക്രിമിനല്‍ കുറ്റമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ അത്തരം ബന്ധത്തിന്‍റെ പ്രത്യാഘാതത്തെ കുറിച്ച് സ്‌ത്രീ പുരുഷന്മാര്‍ ബോധവാന്മാരാകണമെന്നും കോടതി പറഞ്ഞു.
വിവാഹിതരായിട്ടുള്ള സ്‌ത്രീ പുരുഷന്മാര്‍ നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെങ്കില്‍ മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. എന്നാല്‍ മറ്റൊരാളുമായി ഒരുമിച്ച് ജീവിക്കുന്നതില്‍ നിയമ തടസമില്ല. വിവാഹ വാഗ്‌ദാനം ചെയ്‌ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി അവകാശപ്പെടാനോ പരാതി നല്‍കാനോ ഇത്തരക്കാര്‍ക്ക് കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വിഷയവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പുരുഷനെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ പെരുമാറ്റം പൊതുനയത്തിനും സമൂഹത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സ്‌ത്രീ പങ്കാളികള്‍ക്കുള്ള അതേ മാനദണ്ഡം പുരുഷ പങ്കാളിക്കും ബാധകമാണെന്നും ഇതില്‍ ലിംഗഭേദം അടിസ്ഥാനമാക്കി വ്യത്യാസം വരുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതില്‍ തെറ്റ് കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മിക്ക ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലും ഇരു കക്ഷികളും അവിവാഹിതരായിരിക്കും. എന്നാല്‍ ചില ബന്ധങ്ങളില്‍ രണ്ടുപേരും അല്ലെങ്കില്‍ അതിലൊരാള്‍ വിവാഹിതരാകും. ഇത്തരം ബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ നിയമ തടസങ്ങളിലെന്നും എന്നാല്‍ അത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇരുവരും തയ്യാറാകണമെന്നും കോടതി ഓര്‍മിപ്പിച്ചു.