കണ്ഡ്‌വ (മധ്യപ്രദേശ്): വിമാനത്തിലും കപ്പലിലും വെള്ളത്തിലും ആകാശത്തും ബലൂണിലും വിവാഹങ്ങള്‍ നടന്ന വാര്‍ത്തകള്‍ നാം ഏറെ കണ്ടതാണ്. എന്നാല്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള തരത്തില്‍ ഉറ്റബന്ധുക്കളുടെ അനുഗ്രഹാശിസുകളോടെ ആശുപത്രിയില്‍ വച്ച് പ്രിയതമയുടെ കഴുത്തില്‍ താലികെട്ടിയിരിക്കുകയാണ് ഉജ്ജയിന്‍ ഭേരുഘട്ട് സ്വദേശിയായ രാജേന്ദ്ര ചൗധരി. അപകടത്തെ തുടര്‍ന്ന് വധു ശിവാനി ആശുപത്രി കിടക്കയിലായതോടെയാണ് രാജേന്ദ്ര ചൗധരി കതിര്‍മണ്ഡപം ആശുപത്രി മുറിയിലേക്ക് മാറ്റിയത്.
ഓര്‍ക്കാപ്പുറത്തെത്തിയ അപകടം: മഹാശിവരാത്രി ദിനമായ ഇന്നലെയാണ് സംഭവം. വിവാഹ നിശ്ചയശേഷം വിവാഹത്തോടടുക്കുന്ന സമയത്താണ് കടയില്‍ പോയി മടങ്ങിയ വധുവിനെ വാഹനം ഇടിക്കുന്നത്. അപകടത്തില്‍ കൈയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ബര്‍വാനിയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ പോരായ്‌മ തോന്നിയതോടെ യുവതിയുടെ കുടുംബം ഇവരെ കണ്ഡ്‌വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രി കതിര്‍മണ്ഡപമാകുന്നു: മുന്‍ നിശ്ചയിച്ച പ്രകാരം ശിവരാത്രി ദിനം തന്നെ വിവാഹം നടത്തുന്നതിനെക്കുറിച്ച് വരന്‍റെ വീട്ടുകാര്‍ സംസാരിച്ചു തുടങ്ങിയെങ്കിലും വധുവിന്‍റെ ബന്ധുക്കള്‍ സമ്മതിച്ചിരുന്നില്ല. വിവാഹ തീയതി മാറ്റി വിവാഹം ആചാരപ്രകാരം ഗംഭീരമായി തന്നെ നടത്താമെന്നായിരുന്നു ഇവരുടെ മറുപടി. നമ്മളുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കില്‍ നമ്മള്‍ എന്ത് തീരുമാനമെടുക്കുമായിരുന്നു എന്നറിയിച്ച് വരന്‍റെ ബന്ധുവായ മായ യാദവ് കൂടി രംഗത്തെത്തിയതോടെ വിവാഹം മാറ്റിവയ്‌ക്കലിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ വിവാഹം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കട്ടെ എന്ന് വരന്‍ കൂടി നിര്‍ബന്ധം പിടിച്ചതോടെ ബന്ധുക്കള്‍ക്ക് മറ്റ് വഴികളില്ലാതെയായി.
ആശുപത്രിക്ക് ആദ്യം എതിര്‍പ്പ്, പിന്നെ സമ്മതം: അതേസമയം തുടര്‍ന്ന് വധൂവരന്മാരുടെ ബന്ധുക്കള്‍ നേരിട്ട ബുദ്ധിമുട്ട് ആശുപത്രി അധികൃതരുടെ സമ്മതമായിരുന്നു. അസുഖങ്ങളുമായി കയറിയിറങ്ങുന്നവര്‍ക്കിടയില്‍ ആശുപത്രി വിവാഹവേദിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ തിരക്കുകള്‍ ഒഴിവാക്കി അടുത്ത ബന്ധുക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ചെറിയ ചടങ്ങായി നടത്താമെന്ന് ഇരുകൂട്ടരും ഉറപ്പുനല്‍കിയതോടെ ആശുപത്രി അധികൃതരും അര്‍ദ്ധസമ്മതം മൂളി.
ഇതോടെ പരിക്കേറ്റ് വധു ശിവാനി കിടന്നിരുന്ന മുറി പൂക്കളും അലങ്കാര വസ്‌തുക്കളും ഉപയോഗിച്ച് കതിര്‍മണ്ഡപവുമായി. അങ്ങനെ അടുത്ത ബന്ധുക്കളെ സാക്ഷിയാക്കി ആചാരപ്രകാരം വരന്‍ രാജേന്ദ്ര ചൗധരി ശിവാനിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. അതേസമയം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തിന് മുന്‍ഗണന നല്‍കിയതിനാലാണ് വിവാഹം ആശുപത്രിക്കിടക്കയിലാക്കിയതെന്നും വധു സുഖംപ്രാപിച്ച ശേഷം ഗംഭീര വിവാഹ സല്‍കാരമുണ്ടാകുമെന്നുമാണ് വരന്‍റെ പിതാവ് സൗധന്‍ ചൗദരിയുടെ വിശദീകരണം.