ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരായ എല്ലാ കേസുകളും തീര്‍ത്ത് തരാമെന്ന് വാഗ്ദാനം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ മനിഷ് സിസോദിയ. തനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എടുത്തിരിക്കുന്ന കേസുളെല്ലാം കള്ളക്കേസുകളാണ്. മദ്യനയ അഴിമതി കേസില്‍ താന്‍ നിരപരാധിയാണ്.
താന്‍ ഉള്‍പ്പെടെ 15 പേരെയാണ് കേസില്‍ കുടുക്കിയത്. എന്നാല്‍ അഴിമതിക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപി വിടൂ ബിജെപിയില്‍ ചേരൂ എന്നാണ് തന്നോട് ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ ബിജെപിയും ഇഡിയും എടുത്തിരിക്കുന്ന കേസുകള്‍ റദ്ദാക്കി തരുമെന്ന വാഗ്‌ദാനം ലഭിച്ചതായാണ് മനീഷ് സിസോദിയയുടെ വെളിപ്പെടുത്തല്‍.
ഞാൻ മഹാറാണാ പ്രതാപിന്റെയും രജപുത്രന്റെയും പിൻഗാമിയാണ്. ഏത് ആക്രമണത്തേയും നേരിടാനും താന്‍ തയ്യാറാണ്. ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തലകുനിക്കാൻ കഴിയില്ല എന്നും സിസോദിയ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടത്തുന്ന നല്ല പ്രവർത്തനങ്ങൾ തടയുക എന്നതാണ് ബിജെപി നയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി ഉയർന്നുവന്ന എഎപിയേയും അരവിന്ദ് കെജ്‌രിവാളിനേയും തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: മദ്യനയ കോഴക്കേസ്, സിസോദിയക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചിട്ടില്ലെന്ന് സിബിഐ